വധഭീഷണി; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖ്

koduvally

കൊടുവള്ളി: ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖ്. പ്രവര്‍ത്തകര്‍ നിരന്തരം ഫോണില്‍ വധഭീഷണി മുഴക്കുന്നതായും, അസഭ്യം പറയുന്നതായും കാരാട്ട് റസാഖ് പറഞ്ഞു. ഇത്തരം ഗുണ്ടാ സംഘങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ ലീഗ് നേതൃത്വത്തിന് പങ്കുണ്ടോയെന്ന് വ്യക്തമാക്കണെന്നും കാരാട്ട് റസാഖ് എം എല്‍ എ ആവശ്യപ്പെട്ടു.

ലീഗ് നേതാവായിരുന്ന താന്‍ പാര്‍ട്ടി വിടുകയും എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്ത് എത്തുകയും ചെയ്തത് മുതല്‍ കൊടുവള്ളിയിലെ ലീഗ് പ്രവര്‍ത്തകര്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതായി കാരാട്ട് റസാഖ് എം എല്‍ എ. പല ഘട്ടത്തിലും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യം നിയമ സഭയില്‍ പറഞ്ഞതിന്റെ പേരില്‍ അര്‍ധ രാത്രിയില്‍ പോലും ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണിപ്പോവെന്നും കാരാട്ട് റസാഖ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയും ഫോണിലൂടെയുമുള്ള ഭീഷണി സംബന്ധിച്ച് കൊടുവള്ളി പോലീസ് അന്വേഷണം നടത്തി വരുന്നതായും കാരാട്ട് റസാഖ് എം എല്‍ എ അറിയിച്ചു.

Top