kodiyeri statement-water scarcity

തിരുവനന്തപുരം: കേരളത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. രൂക്ഷമായ വരള്‍ച്ചയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ ഏറെ പ്രയാസമനുഭവിക്കുന്ന സ്ഥിതിയാണ് ഉള്ളത്. അപ്രഖ്യാപിതമായ പവര്‍കട്ടുകളും വൈദ്യുതി സംവിധാനത്തിലുള്ള തകരാറുകളും വെള്ളത്തിന്റെ പമ്പിങ്ങിനെ തന്നെ ബാധിക്കുന്ന സ്ഥിതി പല സ്ഥലത്തും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് വരള്‍ച്ച ഉണ്ടാകുന്നു എന്ന കാര്യം നേരത്തേ തന്നെ വ്യക്തമായതാണ്. എന്നിട്ടും ദീര്‍ഘവീക്ഷണത്തോടെ ഇത് പരിഹരിക്കാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായില്ല. പ്രശ്‌നം രൂക്ഷമായ ഈ ഘട്ടത്തില്‍ പോലും നിഷ്‌ക്രിയമായി നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത് അത്യന്തം ഗുരുതരമായ അവസ്ഥ സംസ്ഥാനവ്യാപകമായി ഉണ്ടാക്കിയിരിക്കുകയാണ്. വരുംദിനങ്ങളില്‍ ഈ സ്ഥിതി കൂടുതല്‍ രൂക്ഷമായിത്തീരാന്‍ പോവുകയാണെന്നും കോടിയേരി പറഞ്ഞു.

ജലം സംഭരിക്കുന്നതില്‍ അക്ഷയഖനിയായി നില്‍ക്കുന്നവയാണ് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും. ഇവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടാണ് നെല്‍വയല്‍നീര്‍ത്തട സംരക്ഷണ നിയമം മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പാസാക്കിയത്. എന്നാല്‍, ആ നിയമങ്ങളെയെല്ലാം കാറ്റില്‍ പറത്തി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിനുള്ള അനുവാദം നല്‍കിയ യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടിയാണ് ഇത്രയും ഗുരുതരമായ അവസ്ഥ സൃഷ്ടിക്കുന്നതിനിടയാക്കിയത്. കുടിവെള്ളം ലഭിക്കുക എന്നത് ജനങ്ങളുടെ അവകാശമാണ്. അത് നിര്‍വ്വഹിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിന് പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും സുസജ്ജമാകണം. വിലക്കയറ്റം പിടിച്ചുനിറുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ജൈവകൃഷി വ്യാപിപ്പിച്ച് ഇടപെട്ട പാര്‍ട്ടിയുടെ സമീപനം ഇക്കാര്യത്തിലും സ്വീകരിക്കാനാവണം. എല്ലാ പാര്‍ട്ടിഘടകങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളെ അണിനിരത്തി ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഊര്‍ജ്ജിതമായി മുന്നിട്ടിറങ്ങണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

Top