ഇംപീച്ച്‌മെന്റ്: യെച്ചൂരിയുടെ നിലപാടില്‍ തെറ്റില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട് യെച്ചൂരിയുടെ നടപടിയില്‍ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യത്തിലാണ് കോടിയേരിയുടെ പരാമര്‍ശം. സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് കോടിയേരി അഭിപ്രായപ്രകടനം നടത്തിയത്.

സിപിഐയുമായി യോജിച്ച് പോകണമെന്നാണ് പാര്‍ട്ടി നിലപാടെന്നും പോലീസിനെതിരായ പരാതികള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ സംഘടനാ നീക്കങ്ങള്‍ സ്ഥാനമാനങ്ങള്‍ മോഹിച്ചാണെന്ന് പൊതു ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

ഇരുപത്തൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയം നിലനില്‍ക്കെ അത് മാറ്റാനൊരുങ്ങുന്ന യെച്ചൂരിയ്ക്ക് മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും, യെച്ചൂരിയെ പോലുള്ള ചില പിബി അംഗങ്ങള്‍ ദന്തഗോപുരവാസികളായി മാറിയെന്നും ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എ.എ. റഹീം വിമര്‍ശിച്ചു. കൂടാതെ കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലെത്താന്‍ മൗനാനുവാദം നല്‍കിയ സീതാറാം യെച്ചൂരി അതിനായി കേന്ദ്ര കമ്മറ്റിയില്‍ വോട്ടെടുപ്പ് വരെ നടത്തിയെന്നായിരുന്നു ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഐ. സാജുവിന്റെ വിമര്‍ശനം.

ബെംഗാളിലെ തോല്‍വിയുടെ യഥാര്‍ത്ഥ കാരണം അവിടുത്തെ പാര്‍ട്ടിയെ ബോധ്യപ്പെടുത്തണമെന്നും സാജു ആവശ്യപ്പെട്ടു. രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടതിലുള്ള നിരാശയാണ് യെച്ചൂരിക്കെന്നും മംഗലപുരം ഏരിയാ സെക്രട്ടറി വിനോദ് വിമര്‍ശിച്ചു.

ഓഖി ദുരന്ത സ്ഥലം സന്ദര്‍ശിക്കാന്‍ വൈകിയതിന്റെ പേരില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെയും പൊതു ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറി കല്ലറ മധുവാണ് വിമര്‍ശിച്ചത്. ലാവ്‌ലിന്‍കേസുമായി പരോക്ഷമായി ബന്ധപ്പെടുത്തിയും പിണറായി വിജയനെതിരെ പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു.

Top