kodiyeri balakrishnan statement about ldf police policy.

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ടെന്നും അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ദേശീയഗാന വിഷയം, യു.എ.പി.എ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് നയത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിക്കൊണ്ട് പാര്‍ട്ടി മുഖപത്രത്തിലെ ജനഗണമനയുടെ മറവില്‍ കപട ദേശീയത എന്ന ലേഖനത്തിലൂടെ കോടിയേരി രംഗത്തെത്തിയിരിക്കുന്നത്.

എല്‍.ഡി.എഫ് സര്‍ക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ട്. അത് മോദി സര്‍ക്കാരിന്റെയോ മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെയോ നയമല്ല.

ഭീകരപ്രവര്‍ത്തനം തടയാന്‍ മാത്രമേ യു.എ.പി.എ ഉപയോഗിക്കാവു എന്നാണ് സര്‍ക്കാര്‍ നയം. അതിന് വിരുദ്ധമായ പ്രവര്‍ത്തനം ഉണ്ടവരുതെന്നും കോടിയേരി ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

യു.എ.പി.എ യും രാജ്യദ്രോഹ വകുപ്പും യു.ഡി.എഫ് ഭരണകാലത്ത് വ്യാപകമായി ദുരുപയോഗം ചെയ്തിട്ടുണ്ട്.

സി.പി.എം പ്രവര്‍ത്തകരുള്‍പ്പടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെപോലും യു.എ.പി.എ ചുമത്തി. അത്തരം ഭരണ നടപടികളുണ്ടായപ്പോള്‍ അതിനെതിരെ ചെറുശബ്ദംപോലും ഉയര്‍ത്താതെ മൗനികളായിരുന്നവര്‍ ഇപ്പോള്‍ വാചാലരാകുന്നത് അര്‍ഥ ഗര്‍ഭമാണെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നയത്തിന് വിരുദ്ധമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശക്തമായി ഇടപെടുകയും തെറ്റുചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുയും ചെയ്തിട്ടുണ്ട്.

തെറ്റായ നടപടി സ്വീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കോടിയേരി പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ജനഗണമനയുടെ മറവില്‍ കപട ദേശീയത എന്ന ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

Top