ബിജെപി ജനാധിപത്യ സംവിധാനത്തെ വിലക്കെടുക്കുകയാണെന്ന് കോടിയേരി

kodiyeri balakrishnan

കണ്ണൂര്‍: കേന്ദ്രഭരണത്തെ ഉപയോഗിച്ച് ബിജെപി രാജ്യത്തെ ജനാധിപത്യവും മതനിരപേക്ഷതയടക്കമുള്ള ഭരണഘടനയുടെ അടിസ്ഥാനശിലകളെ തകര്‍ക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കര്‍ണാടകയില്‍ നടക്കുന്നത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും കോടിയേരി പറഞ്ഞു.

നായനാര്‍ ചരമദിനാചരണത്തിന്റെ ഭാഗമായി പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനാധിപത്യം പ്രഹസനമാക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് അനുഭവത്തില്‍ക്കൂടി ബോധ്യപ്പെട്ടു. ഈ സന്ദര്‍ഭത്തിലാണ് സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രത്യേകത ജനങ്ങള്‍ തിരിച്ചറിയേണ്ടത്.

ആര്‍എസ്എസിന്റെ ഭീഷണി നേരിടാന്‍ കോണ്‍ഗ്രസ്സിനു കഴിയില്ല. കോണ്‍ഗ്രസ്സ്, ബിജെപി ശക്തികള്‍ക്കെതിരെ ബദല്‍ രാഷ്ട്രീയം ഉയര്‍ന്നുവരണം. ഇടതുപക്ഷത്തിനു മാത്രമേ ഇത്തരമൊരു ബദല്‍ ശക്തിക്ക് നേതൃത്വം നല്‍കാന്‍ കഴിയൂ. അടുത്ത പാര്‍ലമെന്റ്

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ അംഗങ്ങളുടെ സംഖ്യ വര്‍ധിപ്പിക്കണം. അങ്ങനെയായാല്‍ മാത്രമേ ബിജെപിയെ പ്രതിരോധിക്കാനാകൂ എന്നും അദ്ദേഹം അവകാശപ്പെട്ടു.

കര്‍ണാടകത്തില്‍ 117 എംഎല്‍എമാരുടെ പിന്തുണയുണ്ടായിട്ടും ജനതാദള്‍ എസ് കോണ്‍ഗ്രസ് സഖ്യത്തെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചില്ല. 104 എംഎല്‍എമാരുള്ള കക്ഷിയുടെ നേതാവിനെയാണ് ക്ഷണിച്ചത്. ഇതാണ് ജനാധിപത്യമെങ്കില്‍ രാജ്യത്ത് ജനാധിപത്യത്തിന്റെ അവസ്ഥയെന്താകും? ഗോവയിലും മണിപ്പൂരിലും മേഘാലയിലും ഇതേ നിലപാടാണ് അവിടുത്തെ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ബിജെപി സ്വീകരിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും ഇതാണ് നടക്കാന്‍ പോകുന്നതെങ്കില്‍ തെരഞ്ഞെടുപ്പിന്റെ ആവശ്യമുണ്ടോയെന്നും കോടിയേരി ചോദിച്ചു.

Top