Kodiyeri and VS Achuthanandan against Police administration

കോഴിക്കോട്: കേരള പൊലീസിനെ അതിരൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്ന ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നടപടി പൊലീസ് ഭരണത്തിനുള്ള താക്കീത് !

പൊലീസ് ഭരണം കൈയ്യാളുന്നത് മുഖ്യമന്ത്രി നേരിട്ട് ആയതിനാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്ന പ്രചരണം പ്രതിപക്ഷം ഇതിനകം തന്നെ ഉയര്‍ത്തിക്കഴിഞ്ഞു.

പാര്‍ട്ടിയും ഭരണവും രണ്ടുവഴിക്കാണെന്ന തോന്നല്‍ പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം മൂലം പാര്‍ട്ടി സഖാക്കള്‍ക്കിടയില്‍ ഉണ്ടെന്നാണ് സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ പരാതി.ഇക്കാര്യം അവര്‍ പാര്‍ട്ടി നേതൃത്വത്തെ തന്നെ നേരിട്ട് അറിയിച്ചിട്ടുമുണ്ട്.

പൊലീസ് ഉദ്യോഗസ്ഥ നിയമനങ്ങളില്‍ പാര്‍ട്ടി താല്‍പര്യം പരിഗണിക്കപ്പെടാതെ ഇരുന്നതാണ് ഇപ്പോഴത്തെ ‘പ്രതിസന്ധി’ക്ക് കാരണമെന്നാണ് ആക്ഷേപം.

പാര്‍ട്ടി ശുപാര്‍ശയില്‍ അല്ലാതെ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ തോന്നുംപടി കാര്യങ്ങള്‍ നടത്തുന്നത് കൊണ്ടാണ് ഗര്‍ഭിണിയടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന സാഹചര്യമുണ്ടാവുന്നതും യുഎപിഎ ചുമത്തപ്പെടുന്നതെന്നുമാണ് വിമര്‍ശനം. പൊലീസ് ഉന്നതതല നിയമനങ്ങളില്‍ ആഭ്യന്തരസെക്രട്ടറി നളിനിനെറ്റോ ഇടപെടുന്നതിലും സിപിഎം നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്.

ഇതിന് മുഖ്യമന്ത്രി അവസരം കൊടുക്കരുതെന്നാണ് ആവശ്യം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അദ്ദേഹം പോലും അനാവശ്യമായ ഒരു ഇടപെടലിനും തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

നായനാരുടെ ഭരണകാലത്ത് പൊലീസിനെ അടക്കി ഭരിച്ചിരുന്ന പി ശശിയുടെ ‘ഹിഡന്‍ താല്‍പര്യങ്ങള്‍’ ദിനേശനില്ലാത്തതിനാല്‍ അദ്ദേഹം പിണറായിയുടെ മനസ്സറിഞ്ഞാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

പൊലീസില്‍ അനാവശ്യമായ ഇടപെടല്‍ ആരും നടത്തേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക് ഉള്ളത്. നിയമം അതിന്റെ കടമ നിറവേറ്റുമെന്നും പൊലീസ് സ്റ്റേഷനുകള്‍ പാര്‍ട്ടി ഓഫീസാക്കാന്‍ നോക്കരുതെന്നുമുള്ള അദ്ദേഹത്തിന്റെ നിലപാടിന് പൊതുസമൂഹത്തിനിടയില്‍ നിന്നും വലിയ പിന്‍തുണയാണ് ലഭിച്ചിരുന്നത്.

കണ്ണൂര്‍ എസ്പിയെ മാറ്റണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ട് പോലും ഇതുവരെ എസ്പിയെ സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. പെട്ടെന്ന് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നത് അവരുടെ മനോവീര്യം കെടുത്തുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

എറണാകുളത്ത് വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാ കമ്മറ്റിയംഗം സക്കീര്‍ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തതും പിണറായിയുടെ കര്‍ക്കശ നിലപാടിനെ തുടര്‍ന്നായിരുന്നു.

ഇക്കാര്യങ്ങളിലെല്ലാം കടുത്ത അഭിപ്രായവ്യത്യാസം സിപിഎമ്മിലെ ഒരുവിഭാഗത്തിനുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചിട്ടും സിപിഎം ജില്ലാ കമ്മറ്റിയംഗം സക്കീര്‍ ഹുസൈനെ ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ കോടിയേരി പങ്കെടുത്ത ജില്ലാ കമ്മിറ്റിയോഗം തയ്യാറാകാതിരുന്നത് പൊലീസിന്റെ നടപടി പാര്‍ട്ടി അംഗീകരിക്കുന്നില്ല എന്നതിന്റെ സൂചന കൂടിയാണ്.

ഇതിനിടെയാണിപ്പോള്‍ പൊലീസിനെതിരെ വീണ് കിട്ടിയ ആയുധവുമായി കോടിയേരിയും വിഎസും രൂക്ഷവിമര്‍ശനവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

ഫോര്‍ട്ട് കൊച്ചിയില്‍ ഗര്‍ഭിണിയടക്കമുള്ളവരെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷമായി രംഗത്ത് വന്ന വിഎസ്, ഭരണകൂടം ഫാസിസ്റ്റ് സ്വാഭാവത്തിലേക്കു നീങ്ങുന്നുവെന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കരുതെന്നും ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയല്ല കേരള പൊലീസെന്ന് പൊലീസുകാര്‍ ഓര്‍ക്കണമെന്നും മുന്നറിയിപ്പ് നല്‍കി. ഇത് ഇടതുപക്ഷ ഭരണമാണ്. പൊലീസ് സ്‌റ്റേഷനിലെ ഉരുട്ടിക്കൊലയുടെ കാലം കഴിഞ്ഞുവെന്നും വിഎസ് തുറന്നടിച്ചു.

ഫോര്‍ട്ട്‌കൊച്ചി കടല്‍ തീരത്ത് കുടുംബസമ്മേതം വിശ്രമിക്കാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തിനും കുടുംബത്തിനും നേരെയുണ്ടായ പൊലീസിന്റെ അതിക്രമമാണ് വിഎസിനെ പ്രകോപിതനാക്കിയിരുന്നത്.

എഴുത്തുകാരനും നാടക കലാകാരനുമായ കമല്‍ സി ചവറക്കെതിരെ യുഎപിഎ ചുമത്തിയതാണ് പൊലീസിനെ വിമര്‍ശിക്കാന്‍ കോടിയേരി ആയുധമാക്കിയത്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ പാടില്ലെന്ന് പറഞ്ഞ അദ്ദേഹം കമല്‍ സി. ചവറയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

കേസുകളെടുത്തത് പൊലീസിന്റെ തോന്ന്യാസമാണെന്നും അതേസമയം രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസായിട്ടും അദ്ദേഹത്തിന് ജാമ്യം ലഭിച്ചത് എല്‍ഡിഎഫിന്റെ നയം കാരണമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ഇതിനിടെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെതിരെയും എഴുത്തുകാരനായ കമല്‍ സി ചവറക്കെതിരെയും യുഎപിഎ ചുമത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കി.പൊലീസിലെ ഏതാനും ചിലര്‍ കാണിക്കുന്ന പ്രവര്‍ത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതില്‍ കടുത്ത അതൃപ്തിയാണ് മുഖ്യമന്ത്രിക്ക് ഉള്ളത്.

നിലവിലെ സാഹചര്യത്തില്‍ പൊലീസില്‍ ഒരു ‘ശുദ്ധി കലശത്തിന് ‘ പിണറായി തയ്യാറാകുമെന്ന് അഭ്യൂഹവുമുണ്ട്. പൊലീസ് തലപ്പത്ത് ചില മാറ്റങ്ങള്‍ ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് സൂചന.

Top