സിപിഎമ്മുകാരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്താല്‍ സൂക്ഷിക്കാനുള്ള സംവിധാനം രാജ്യത്തില്ലെന്ന് കോടിയേരി

kodiyeri

കണ്ണൂര്‍: ബിജെപിയെയും ജനരക്ഷായാത്രയെയും ശക്തമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

അമിത് ഷായുടെ തിരുവനന്തപുരത്തെ പ്രസംഗം കേള്‍ക്കാന്‍ കര്‍ണാടകക്കാരും തമിഴ്‌നാട്ടുകാരുമാണ് ഉണ്ടായിരുന്നതെന്നും, ഹിന്ദിപ്രസംഗം മലയാളത്തില്‍ തര്‍ജ്ജിമ ചെയ്തിരുന്നെങ്കിലും ആര്‍ക്കും ഒന്നും മനസിലായില്ലെന്നും, ജാഥ കട്ടപ്പൊകയായെന്നും കോടിയേരി പരിഹസിച്ചു.

എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്രയുടെ വടക്കന്‍ കേരളത്തിലെ ജാഥ കണ്ണൂരിലെ ശ്രീകണ്ഠാപുരത്തുനിന്ന് ആരംഭിക്കവെ നടത്തിയ പ്രസംഗത്തിലാണ് കോടിയേരി ബിജെപിയെ കടന്നാക്രമിച്ചത്.

ബിജെപിക്കാരെ ആക്രമിക്കുന്ന സിപിഎമ്മുകാരുടെ കണ്ണു ചൂഴ്‌ന്നെടുക്കുമെന്ന പ്രസ്താവനയെയും അദ്ദേഹം രൂക്ഷമായി പരിഹസിച്ചു.

കേരളത്തില്‍ ഒന്നരക്കോടി സിപിഎമ്മുകാരുണ്ടെന്നും, ഇവര്‍ക്കു മൂന്നു കോടി കണ്ണുകളുണ്ടെന്നും, ചൂഴ്‌ന്നെടുക്കുന്ന മൂന്നു കോടി കണ്ണുകള്‍ സൂക്ഷിക്കാന്‍ സംവിധാനം പോലും രാജ്യത്തില്ലെന്നും കോടിയേരി വിമര്‍ശിച്ചു.

ഞാന്‍ പണ്ടേ നേത്രദാന സമ്മതപത്രം നല്‍കിയതാണെന്നും, എന്റെ കണ്ണു നിങ്ങള്‍ ചൂഴ്‌ന്നെടുത്തോ, ദയവായി നാഗപൂരിലേക്കു കൊണ്ടു പോകരുതെന്നും കോടിയേരി പരിഹസിച്ചു.

ശ്രീകണ്ഠാപുരത്തുനിന്ന് ആരംഭിച്ച വടക്കന്‍ മേഖലാ ജാഥ ജില്ലയിലെ ആറു മണ്ഡലങ്ങളില്‍ പര്യടനം നടത്തി വൈകിട്ടു കണ്ണൂര്‍ ടൗണില്‍ അവസാനിക്കും.

മട്ടന്നൂര്‍, പിണറായി, പാനൂര്‍, തലശേരി എന്നിവിടങ്ങളിലും ജനജാഗ്രത യാത്രയ്ക്കു സ്വീകരണം നല്‍കും.

അതേസമയം, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍ മേഖല ജാഥ നെടുമങ്ങാടു നിന്നാണു പര്യടനം തുടങ്ങിയത്. വെഞ്ഞാറമൂട്, ശ്രീകാര്യം, മുരുക്കുംപുഴ, വര്‍ക്കല, എന്നിവിടങ്ങളില്‍ പര്യടനം നടത്തി ആറ്റിങ്ങലില്‍ അവസാനിക്കും.

Top