കാലുതൊട്ട് വന്ദിക്കാന്‍ വരുന്ന ബി.ജെ.പിക്കാരെ ജാഗ്രതയോടെ കാണണമെന്ന് കോടിയേരി

kodiyeri

തിരുവനന്തപുരം: ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ മതമേലാദ്ധ്യക്ഷന്‍മാരെ സന്ദര്‍ശിച്ചത് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും തന്ത്രത്തിന്റെ ഭാഗമായാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇത്തരം കെണികളില്‍ കേരളത്തിലെ മതമേലാദ്ധ്യക്ഷന്‍മാര്‍ വീഴില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലുതൊട്ട് വന്ദിക്കാന്‍ വരുന്ന ബി.ജെ.പിക്കാരെ അവര്‍ ജാഗ്രതയോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് പേജിലാണ് കോടിയേരിയുടെ പ്രതികരണം.

പ്രതീക്ഷിച്ച അളവില്‍ വര്‍ഗീയ വിഷം കുത്തി വയ്ക്കാനാവാതെയാണ് അമിത് ഷാ കേരളത്തില്‍ നിന്ന് മടങ്ങിയത്. മതസൗഹാര്‍ദം തകര്‍ത്ത് കേരളത്തെ ഗുജറാത്താക്കി മാറ്റാനാണ് ഷായും കൂട്ടരും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വര്‍ഗീയ പ്രചാരണങ്ങളെ മലയാളികളെ ഒറ്റക്കെട്ടായി നേരിടുമെന്നും കോടിയേരി വ്യക്തമാക്കി.

കേരള സന്ദര്‍ശനത്തിനിടെ സംസ്ഥാന സര്‍ക്കാരിനും സി.പി.എമ്മിനും എതിരെ അസംബന്ധ പ്രചാരണങ്ങളാണ് അമിത്ഷാ നടത്തിയത്. ദേശീയതലത്തില്‍ കേരളത്തെ അപകീര്‍ത്തികരമായി ചിത്രീകരിക്കാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമം നടത്തുന്നു. ബി.ജെ.പിയുടെ വര്‍ഗീയ നിലപാടുകളെ മലയാളികള്‍ അംഗീകരിക്കാത്തതാണ് ഇതിന് പിന്നിലുള്ള കാരണം. സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങള്‍ ലക്ഷ്യമിട്ടുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ആര്‍.എസ്.എസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ടെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പാര്‍ട്ടി സെക്രട്ടറിയെ ഡല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന സംഘപരിവാര്‍ ഭീഷണി വ്യക്തിയെയല്ല സി.പി.എമ്മിനെ ലക്ഷ്യമിട്ടുള്ളതാണെന്നും അത്തരം ഭീഷണിക്ക് മുന്നില്‍ കീഴടങ്ങുന്നവരല്ല സി.പി.എമ്മുകാരെന്നും അദ്ദേഹം പറഞ്ഞു.

Top