ഒന്നാം വാര്‍ഷികം ആഘോഷമാക്കി കൊച്ചി മെട്രോ; ചൊവ്വാഴ്ച യാത്രക്കാര്‍ക്ക് സൗജന്യയാത്ര

കൊച്ചി: ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

രാവിലെ 11ന് ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ വലിയ കേക്ക് മുറിച്ചതോടെയാണ് ആഘോഷ പരിപാടികള്‍ക്ക് ആരംഭം കുറിച്ചത്. തുടര്‍ന്ന് ഗോപിനാഥ് മുതുകാടിന്റെ ടൈം ട്രാവലര്‍ മാജിക് മെട്രോ എന്ന മാജിക് ഷോയും അരങ്ങേറി.

ഉച്ചകഴിഞ്ഞു രണ്ടര മുതല്‍ വിവിധ സ്റ്റേഷനുകളില്‍ സാംസ്‌കാരിക പരിപാടികള്‍ നടക്കും. ഇടപ്പള്ളിയില്‍ യാത്രക്കാരടക്കം ആര്‍ക്കുവേണമെങ്കിലും പാടുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ആലുവയിലും മഹാരാജാസ് കോളേജ് സ്റ്റേഷനിലും വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പരിപാടികള്‍ അവതരിപ്പിക്കും. മഹാരാജാസ് സ്റ്റേഷനിലെ പരിപാടികള്‍ വൈകിട്ട് നാലിനായിരിക്കും ആരംഭിക്കുക.

2017 ജൂണ്‍ 17നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. 19 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ കൊച്ചി മെട്രോ ഓടിത്തുടങ്ങി. ഒരു വര്‍ഷം തികയുന്ന ചൊവ്വാഴ്ച ഫ്രീ റൈഡ് ഡേ എന്ന പേരില്‍ യാത്രക്കാര്‍ക്ക് സൗജന്യയാത്രയും ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ ആറു മുതല്‍ രാത്രി പത്തുവരെ പരിധിയില്ലാതെ സൗജന്യമായി ആര്‍ക്കും വേണമെങ്കിലും മെട്രോയില്‍ യാത്ര ചെയ്യാവുന്നതാണ്.

Top