ജോസ് മോനെ തോൽപ്പിച്ചതും മറന്ന് മാണി കോട്ടയത്ത് പി.സിയെ മത്സരിപ്പിക്കാൻ നീക്കം

കോട്ടയം : വളരുംതോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയെന്ന കേരള കോണ്‍ഗ്രസിന്റെ പെരുമ നിലനിര്‍ത്തി ബി.ജെ.പി പാളയത്തിലുള്ള പി.സി തോമസിനെ ഒപ്പം ചേര്‍ത്ത് കോട്ടയത്ത് മത്സരിപ്പിക്കാന്‍ കെ.എം മാണിയുടെ കരുനീക്കം.

മൂവാറ്റുപുഴയില്‍ നാലു തവണ മാണി ഗ്രൂപ്പിന്റെ എം.പിയായ പി.സി തോമസ് മാണിയുടെ മാനസപുത്രന്‍ ജോസ് കെ മാണിയെ പരാജയപ്പെടുത്തിയതും മറന്നാണ് പുതിയ ലയനനീക്കം കൊഴുക്കുന്നത്.

കേരള കോണ്‍ഗ്രസ് സ്ഥാപകന്‍ പി.ടി ചാക്കോയുടെ മകന്‍ എന്ന നിലയില്‍ പി.സി തോമസിന് കത്തോലിക്കാ സഭയിലെ സ്വീകാര്യതകൂടി കണക്കിലെടുത്താണ് നീക്കം. യു.ഡി.എഫിലും എല്‍.ഡി.എഫിലും എന്‍.ഡി.എയിലും പ്രവര്‍ത്തിച്ച് രാഷ്ട്രീയ അടവുകള്‍ പയറ്റിത്തെളിഞ്ഞ നേതാവാണ് പി.സി തോമസ്.

അഞ്ചു തവണയാണ് മൂവാറ്റുപുഴയില്‍ നിന്നും പി.സി ലോക്‌സഭയിലെത്തിയത്. നാലു തവണ മാണിഗ്രൂപ്പിന്റെ പ്രതിനിധിയായും 2004ല്‍ എന്‍.ഡി.എ സഖ്യകക്ഷിയായി മാണിയുടെ മകന്‍ ജോസ് കെ മാണിയെ പരാജയപ്പെടുത്തിയുമാണ് വിജയിച്ചത്. ലോക്‌സഭയില്‍ കേരളത്തില്‍ ബി.ജെ.പി മുന്നണി അക്കൗണ്ട് തുറന്നത് പി.സി തോമസിലൂടെയായിരുന്നു. ഇരുമുന്നണികളെയും തോല്‍പ്പിച്ച് 511 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ച പി.സി തോമസ് വാജ്‌പേയി മന്ത്രിസഭയിലെ നിയമവകുപ്പ് സഹമന്ത്രിയുമായി.

പിന്നീട് സ്വന്തം പാര്‍ട്ടിയായ ഐ.എഫ്.ഡി.പി (ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി )പിരിച്ചു വിട്ട പി.സി തോമസ് ഇടതുമുന്നണിയുടെ ഭാഗമായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിച്ചു. ബി.ജെ.പിയുടെ കേന്ദ്ര മന്ത്രിയായിരുന്ന പി.സി തോമസ് ജോസഫ് ഗ്രൂപ്പിന്റെ പ്രതിനിധിയായി ഇടതുമുന്നണി യോഗങ്ങളിലും പങ്കെടുത്തിരുന്നു. പിന്നീട് ജോസഫ് ഇടതുപാളയം വിട്ട് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ലയിച്ച് യു.ഡി.എഫ് പാളയത്തിലേക്കു ചേക്കേറിയപ്പോള്‍ പി.സി ലയനവിരുദ്ധ വിഭാഗമായി നിലയുറപ്പിച്ചു. പിന്നീടാണ് പഴയ ലാവണമായ എന്‍.ഡി.എ സഖ്യകക്ഷിയായത്.

കെ.എം മാണിയുടെ മാനസപുത്രനായി ഒരു കാലത്ത് അറിയപ്പെട്ടിരുന്ന പി.സി 17 വര്‍ഷങ്ങള്‍ക്കു ശേഷം മാണിയുമായി പി.സി തോമസ് വേദി പങ്കിടുകയും ചെയ്തു. ജോസ് കെ മാണി രാജ്യസഭയിലേക്കു പോയതിനാല്‍ കോട്ടയത്ത് വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ തേടുകയാണ് മാണി ഗ്രൂപ്പ്.

വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ കോട്ടയം കോണ്‍ഗ്രസിനു വിട്ടുനല്‍കേണ്ടിവരുമെന്ന ഭീഷണിയുമുണ്ട്. അതിനാലാണ് വിജയസാധ്യതയുള്ള പി.സി തോമസിനെ ഒപ്പം കൂട്ടി കോട്ടയത്ത് മത്സരിപ്പിക്കാന്‍ അണിയറ നീക്കം നടത്തുന്നത്. പി.സി ഒപ്പം വരുന്നതോടെ പി.സി ജോര്‍ജ് അടക്കമുള്ള വിമര്‍ശകരുടെ വായടപ്പിക്കാനാവുമെന്ന രാഷ്ട്രീയ നേട്ടവും കെ.എം മാണിക്കുണ്ടാകും ഒപ്പം കത്തോലിക്കാസഭയുടെ ഉറച്ച പിന്തുണയും.

റിപ്പോര്‍ട്ട് : എം വിനോദ്

Top