km mani-FIR-high court

കൊച്ചി:കോഴിക്കച്ചവടക്കാര്‍ക്ക് നികുതി ഇളവ് നല്‍കാന്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം മാണി ഹൈക്കോടതിയെ സമീപിച്ചു.

ആയുര്‍വേദ സൗന്ദര്യവര്‍ദ്ധക ഉല്‍പന്ന കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കിയ കേസിലും രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിയില്‍ സര്‍ക്കാരിനോടു നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് ഈ മാസം 19നു പരിഗണിക്കും.

കേസില്‍ തനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന്റെ പക്കല്‍ വസ്തുതാപരമായ തെളിവില്ലെന്നാണ് മാണി പറയുന്നത്. ഇതേ പരാതി കോട്ടയം കോടതി ഒരിക്കല്‍ പരിഗണിച്ച് തള്ളിയതാണ്.

ഇപ്പോള്‍ അതേ പരാതി മറ്റൊരു പേരില്‍ എത്തിയിരിക്കുകയാണെന്നും മാണി ഹര്‍ജിയില്‍ പറയുന്നു. കോഴി ഇറക്കുമതിക്കാര്‍ക്ക് നികുതി ഇളവ് നല്‍കുന്നതിനായി തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിന്റെ കയ്യില്‍ നിന്നും കോഴ വാങ്ങിയെന്നാണ് കേസ്.

കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കിയതില്‍ അഴിമതി ആരോപിച്ച് കേരള കോണ്‍ഗ്രസ് മുന്‍ നേതാവ് അഡ്വ. നോബിള്‍ മാത്യു നല്‍കിയ പരാതിയിലാണ് മാണിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് ഇടപാടുകളിലുമായി മാണി 15.5 കോടി രൂപ കോഴ വാങ്ങിയെന്നാണ് ബി.ജെ.പി സംസ്ഥാന സമിതി അംഗമായ നോബിള്‍ മാത്യുവിന്റെ പരാതി.

മാണിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ.ദാമോദരനാണ് കോടതിയില്‍ ഹാജരായത്.

Top