കോന്നി മെഡിക്കല്‍ കോളേജിന് പുതിയ സ്ഥലം കണ്ടെത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: കോന്നി മെഡിക്കല്‍ കോളേജിനായി 25ഏക്കര്‍ സ്ഥലം കണ്ടെത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നെടുമ്പാറയില്‍ കണ്ടെത്തിയ 50ഏക്കര്‍ പാറക്കെട്ടുകളുള്ള സ്ഥലം അനുയോജ്യമല്ലാത്തതിനാലാണ് നടപടി.

50 ഏക്കറില്‍ 25 ഏക്കറിലേ മനുഷ്യര്‍ക്ക് എത്താനാവൂ. ഉയരത്തിലുള്ള പാറമടകളാണ്. ബാക്കി ചെങ്കുത്തായ ചരിവുകളാണ്. ആദ്യഘട്ട നിര്‍മ്മാണത്തിനായി 3.40 ലക്ഷം ടണ്‍ പാറ പൊട്ടിച്ചു. ഇനി പാറ പൊട്ടിച്ചാല്‍ നിലവിലെ നിര്‍മ്മിതികളെ ബാധിക്കുമെന്നും മന്ത്രി നിയമസഭയില്‍
പറഞ്ഞു.

ശേഷിക്കുന്ന പാറ പൊട്ടിച്ചാലും രണ്ട് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളും ഹോസ്റ്റലും മാത്രമേ പണിയാനാവൂ. മെഡിക്കല്‍ കൗണ്‍സില്‍ മാനദണ്ഡ പ്രകാരമുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കണമെങ്കില്‍ വേറെ സ്ഥലം കണ്ടെത്തണമെന്നും മന്ത്രി അറിയിച്ചു.

300 കിടക്കകളുള്ള ആശുപത്രി സ്ഥാപിച്ചാല്‍ 50 കുട്ടികള്‍ക്ക് എം.ബി.ബി.എസ് പ്രവേശനം കിട്ടും. 108 തസ്തികകള്‍ നിലവില്‍ സൃഷ്ടിച്ചിട്ടുണ്ട്. 750 തസ്തികകള്‍ കൂടി ഇനിയും വേണം. ആദ്യഘട്ടത്തില്‍ വേണ്ട 3.4ലക്ഷം ചതുരശ്രയടി കെട്ടിടത്തിന്റെ 80 ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയായി. ഇല്ലെങ്കില്‍ നെടുമ്പാറയിലെ പദ്ധതി ഉപേക്ഷിക്കുമായിരുന്നുവെന്നും അടൂര്‍ പ്രകാശിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി.

Top