ഡ്രോണുകള്‍ ഭീഷണിയാകുന്നു, ഉത്തര കൊറിയന്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തി ഹാന്‍

ജൈവ-രാസ ആയുധങ്ങള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള നാന്നൂറോളം ഡ്രോണുകള്‍ ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളില്‍ ഉണ്ടെന്ന വെളിപ്പെടുത്തലുമായി ജിന്‍ മ്യോങ് ഹാന്‍.

42കാരനായ ഹാന്‍ വ്യോമസേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ ഉത്തരകൊറിയന്‍ ഭരണകൂടവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നയാളാണ്.

പുക്കുഗ്‌സന്‍ 2 മിസൈലുകള്‍ വ്യാപകമായ തോതില്‍ നിര്‍മിക്കുന്ന വിവരം ഉത്തരകൊറിയന്‍ സൈനിക നേതൃത്വം തന്നെ പുറത്തുവിട്ടിരുന്നു. ജപ്പാനിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ഈ മിസൈലുകളുടെ പരിധിയില്‍ പെടുന്നവയാണ്. 2009ന് ശേഷം ഇതുവരെ 70ലേറെ മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തരകൊറിയ നടത്തിയതായാണ് കണക്കാക്കുന്നത്. മിസൈലുകള്‍ മാത്രമല്ല ഉത്തരകൊറിയയുടെ പക്കലുള്ള ഡ്രോണുകളും ഭീഷണിയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ജാപ്പനീസ് പത്രമായ സേകി നിപ്പോയാണ് ജിന്‍ മ്യോങ് ഹാനിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1990കള്‍ മുതല്‍ തന്നെ ഉത്തരകൊറിയ രാസ ജൈവ ആയുധങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്നും നിലവില്‍ ഇത്തരം ആയുധങ്ങള്‍ ഡ്രോണുകളുപയോഗിച്ച് ലക്ഷ്യത്തിലെത്തിക്കാനുള്ള ശേഷി ഉത്തരകൊറിയക്കുണ്ടെന്നുമാണ് അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

1990കളില്‍ ഉത്തരകൊറിയന്‍ വ്യോമസേനയുടെ ഡ്രോണുകളിലെ റേഡിയോ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലാണ് ഹാന്‍ ഉണ്ടായിരുന്നത്. അന്ന് ഇത്തരം ഡ്രോണുകളുപയോഗിച്ച് രാസായുധങ്ങള്‍ പരീക്ഷിച്ച അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

Top