കൊറിയൻ രാജ്യങ്ങളുടെ ബന്ധം ദൃഢമാകണമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ

Kim Jong un

പ്യോ​​ഗ്യാംഗ് : കൊറിയൻ പെനിൻസുലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് ഇരു കൊറിയൻ രാജ്യങ്ങൾ തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കണമെന്നും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ.

ശൈത്യകാല ഒളിമ്പിക്സിന് ശേഷം വീണ്ടും ചർച്ചകൾക്കായി ഉത്തരകൊറിയയിൽ എത്തിയ ദക്ഷിണ കൊറിയ ഉന്നതതല പ്രതിനിധികൾക്ക് നല്‍കിയ അത്താഴ വിരുന്നിനിടെയാണ് കിം തന്റെ പുതിയ നിലപാട് അറിയിച്ചത്.

ആദ്യമായാണ് ദക്ഷിണകൊറിയന്‍ സംഘം കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തുന്നത്. ദേശീയ സുരക്ഷാ ഡയറക്ടർ ചങ് എയിയി-യാങ് നയിക്കുന്ന പ്രതിനിധി പത്തംഗസംഘമാണ് രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാഗിലെത്തിയത്.

ദക്ഷിണകൊറിയന്‍ പ്രതിനിധികള്‍ക്കൊപ്പം ചിരിക്കുന്ന മുഖവുമായി അത്താഴവിരുന്നില്‍ പങ്കെടുക്കുന്ന കിമ്മിന്റെ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട് . ഉത്തരകൊറിയന്‍ സംഘം ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂന്‍ ജെ ഇന്നിന്റെ കത്ത് കിമ്മിന് കൈമാറി. ഇതിന് അനുകൂല മറുപടിയാണ് കിം നല്‍കിയതെന്നും ഹൃദയം തുറന്ന സംഭാഷണമാണ് തങ്ങളുമായി അദ്ദേഹം നടത്തിയതെന്നും ദക്ഷിണകൊറിയന്‍ സംഘം അറിയിച്ചു.

ശൈത്യകാല ഒളിമ്പിക്സിന്റെ ഭാഗമായി ഉത്തരകൊറിയൻ ഉദ്യോഗസ്ഥരും കിം ജോങ് ഉന്നിന്റെ സഹോദരിയും ദക്ഷിണ കൊറിയ സന്ദർശിച്ചിരുന്നു. തുടർന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇനിന്നെ ഉത്തര കൊറിയയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

അതേസമയം വാഷിംഗ്ടണുമായി ഉത്തരകൊറിയയുടെ പ്രശ്നം പരിഹരിക്കാൻ ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് ദക്ഷിണ കൊറിയ സൂചിപ്പിച്ചിരുന്നു. ചൊവ്വാഴ്ച്ച മടങ്ങുന്ന ദക്ഷിണകൊറിയന്‍ സംഘം പി​​ന്നീ​​ട് അമേരിക്കയിൽ എത്തി ച​​ര്‍​​ച്ച​​യു​​ടെ വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ള്‍ ട്രം​​പ് ഭ​​ര​​ണ​​കൂ​​ട​​ത്തെ അ​​റി​​യി​​ക്കും. എന്നാൽ ഉത്തരകൊറിയ ആണവായുധ പരീക്ഷണങ്ങൾ ഉപേക്ഷിക്കാതെ ചർച്ചയ്ക്ക് ഇല്ലെന്ന് ട്രംപ് ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു.

പുതിയ സന്ദർശനത്തിലെ ചർച്ചകൾ കൊറിയൻ രാജ്യങ്ങളുടെ ബന്ധം കൂടുതൽ ശക്തമാക്കാൻ വഴിയൊരുക്കുന്നതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Top