കിയയുടെ ആദ്യ വാഹനമായ ട്രേസര്‍ എസ്.യു.വി. ഇന്ത്യന്‍ വിപണിയില്‍ നേരത്തെ എത്തും

കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ ആദ്യ കാര്‍ അടുത്ത വര്‍ഷം ആഗസ്റ്റില്‍ ഇന്ത്യന്‍ നിരത്തില്‍ എത്തുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും നേരെത്തെയുണ്ടാകുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഏപ്രിലില്‍ തന്നെ കാര്‍ അവതരിപ്പിക്കാന്‍ കിയ അണിയറ നീക്കങ്ങള്‍ സജീവമാക്കിയതായി ഓട്ടോമൊബൈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രേസര്‍ എന്ന് പേരിട്ട എസ് യു വിയാണ് കിയ ആദ്യം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ആന്ധ്രാപ്രദേശിലെ അനന്താപൂരിലാണ് കിയയുടെ ഫാക്ടറിയുടെ നിര്‍മാണം പുരോഗമിക്കുന്നത്. പ്രതിവര്‍ഷം 3,00,000 യൂണിറ്റുകള്‍ ഉത്പാദന ശേഷിയുള്ള കിയ മോട്ടോഴ്‌സിന്റെ പ്ലാന്റും പ്രവര്‍ത്തനമാരംഭിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ അന്തിമ ഘട്ടത്തിലാണ്. ഇതനുസരിച്ച് അടുത്ത വര്‍ഷം ജനുവരിയില്‍ തന്നെ കിയ കാര്‍ ഇന്ത്യന്‍ റോഡില്‍ പരീക്ഷണ ഓട്ടത്തിന് സജ്ജമാകും. മാര്‍ച്ച് അവസാനത്തോടെ ആദ്യ കാറിന്റെ ബുക്കിംഗ് ആരംഭിക്കും.

അതേസമയം ഇന്ത്യയ്ക്കായി പുതിയ ഹാച്ച്ബാക്ക്, മിഡ് സൈസ് സെഡാന്‍ കാറുകള്‍ നിര്‍മിക്കുന്നുണ്ട്. മാരുതി സുസുക്കി, ഹ്യൂണ്ടായ് എന്നിവയ്ക്ക് ശക്തമായ സാന്നിധ്യമുള്ള വിഭാഗങ്ങളാണ് ഇത്. ഇന്ത്യയില്‍ കിയ മോട്ടോഴ്‌സിന്റെ ആദ്യ വാഹനമായ എസ്.യു.വി. അവതരിപ്പിച്ച് ഒരു വര്‍ഷത്തിനു ശേഷമാകും കെ വണ്‍, കെ ടു എന്ന കോഡ് നാമത്തിലെ പുതിയ കാറുകള്‍ അവതരിപ്പിക്കുക.

2020നുള്ളില്‍ പുതിയ ഹാച്ച്ബാക്കും സെഡാനും അവതരിപ്പിക്കുമെന്നാണ് സൂചന. ഹ്യുണ്ടായ് എലൈറ്റ് ഐ20, മാരുതി സുസുക്കി ബലേനോ എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാവും കിയയുടെ ഹാച്ച് ബാക്ക്. മാരുതി സുസുക്കി സിയാസ്, ഹ്യൂണ്ടായി വെര്‍ണ എന്നിവയാകും സെഡാന്‍ മോഡലിന്റെ എതിരാളികള്‍.

Top