ഖത്തര്‍ – ഒമാന്‍ വ്യാപാരത്തില്‍ മൂന്നിരട്ടി വര്‍ധനയെന്ന് റിപ്പോര്‍ട്ട്

khater---omaaaaaaaaaaaaaaannnnnnnnnnnnn

ദോഹ: ഒമാനുമായുള്ള ഖത്തറിന്റെ വ്യാപാരത്തില്‍ കഴിഞ്ഞ വര്‍ഷം അവസാനപാദത്തില്‍ മൂന്നിരട്ടി വര്‍ധനവെന്ന് കണക്കുകള്‍. കഴിഞ്ഞദിവസം നടന്ന ഖത്തര്‍ – ഒമാന്‍ സംയുക്തകമ്മിറ്റിയുടെ 19-ാമത് സെഷനില്‍ സംസാരിക്കവെ ധനമന്ത്രി അലി ശരീഫ് അല്‍ ഇമാദിയാണ് ഇക്കാര്യം അറിയിച്ചത്. നേരിട്ടുള്ള കപ്പല്‍ ഗതാഗതത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാരം വര്‍ധിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

ഖത്തറിനും ഒമാനുമിടയിലെ സാമ്പത്തിക ബന്ധത്തില്‍ മികച്ച ഉണര്‍വും കുതിപ്പുമാണുണ്ടായത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെയും സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന്റെയും നിര്‍ദേശങ്ങള്‍ക്ക് നന്ദിപറയുന്നതായും ഖത്തര്‍ ധനമന്ത്രി വ്യക്തമാക്കി.

ഖത്തര്‍ ധനമന്ത്രി അലി ശരീഫ് അല്‍ ഇമാദിയുടേയും ഒമാന്‍ ധനകാര്യമന്ത്രി ദാര്‍വിഷ് ബിന്‍ ഇസ്മാഈല്‍ അല്‍ ബലൂഷിയുടെയും സംയുക്ത അധ്യക്ഷതയിലാണ് പത്തൊന്‍പതാം സെഷന്‍ നടന്നത്. ഇമാദിയുടെയും ബലൂഷിയുടെയും സാന്നിധ്യത്തില്‍ ഇരുരാജ്യങ്ങളും വിവിധ കരാറുകളില്‍ ഒപ്പുവെച്ചു. ഖത്തര്‍ ധനകാര്യമന്ത്രാലയം, സാമ്പത്തിക വാണിജ്യ മന്ത്രാലയം, ഖത്തര്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് തുടങ്ങിയവയും കരാറുകളുടെ ഭാഗമായിട്ടുണ്ട്. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താന്‍ കരാറുകള്‍ ലക്ഷ്യമിടുന്നുണ്ട്.

വ്യവസായം, കൃഷി, വളര്‍ത്തുമൃഗങ്ങള്‍, ഊര്‍ജം, വാര്‍ത്താ വിനിമയം, ഗതാഗതം, ടൂറിസം, ബാങ്കിങ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുള്‍പ്പെടെ സഹകരണം ശക്തിപ്പെടുത്താനും കരാറുകളില്‍ ഊന്നല്‍ നല്കുന്നുണ്ട്. ഇത്തരം മേഖലകളിലെ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ഇരുരാജ്യങ്ങളും കൈവരിച്ച നേട്ടങ്ങള്‍ ധനമന്ത്രി ഇമാദി വിലയിരുത്തി.

കൃഷി, വളര്‍ത്തുമൃഗങ്ങള്‍, ഗതാഗതം, വാര്‍ത്താവിനിമയം, ടെലി കമ്യൂണിക്കേഷന്‍സ്, ഊര്‍ജം, ടൂറിസം, വിദ്യാഭ്യാസം, നിര്‍മാണം, ബാങ്കിങ് സര്‍വീസ് തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളുടേയും സംയുക്തനിക്ഷേപം 10 ബില്യണ്‍ ഖത്തര്‍ റിയാല്‍ കവിഞ്ഞിട്ടുണ്ട്.

കൂടാതെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സ്വകാര്യമേഖലകള്‍ തമ്മിലും നിക്ഷേപസഹകരണത്തില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കാര്‍ഷികം, കെട്ടിടനിര്‍മാണ സാമഗ്രികളുടെ വ്യവസായം തുടങ്ങിയവയിലും സംയുക്ത പദ്ധതികളുണ്ട്. ഇതില്‍ രണ്ട് ബില്യന്‍ റിയാലാണ് നിക്ഷേപിച്ചിരിക്കുന്നത്. നിലവില്‍ നടപ്പാക്കുന്ന പദ്ധതികള്‍ വിപുലീകരിക്കേണ്ടതിനെക്കുറിച്ചും ഖത്തര്‍ ഒമാന്‍ സംയുക്ത കമ്മിറ്റി ചര്‍ച്ചചെയ്തു.

സൗദി അറേബ്യ, യു.എ.ഇ., ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ അന്യായ ഉപരോധം ആരംഭിച്ചതോടെ ഒമാനുമായുള്ള വ്യാപാരത്തില്‍ വലിയവര്‍ധനയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞവര്‍ഷം അവസാന പാദത്തില്‍ 1.8 ബില്യന്‍ ഖത്തര്‍ റിയാലിന്റെ ഖത്തര്‍ ഒമാന്‍ ഉഭയകക്ഷി വ്യാപാരമാണ് നടന്നത്. എന്നാല്‍ 2016ലെ അവസാനപാദത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 600 മില്യന്‍ റിയാലിന്റെ മാത്രം വ്യാപാരമായിരുന്നു നടന്നത്.

Top