പഴഞ്ചന്‍ വയര്‍ലസ് സെറ്റുകള്‍ക്ക് വിട; കേരള പൊലീസിന് ആധുനിക വയര്‍ലസ് സെറ്റുകള്‍ വരുന്നു

wireless-to-digital-mobile

തിരുവനന്തപുരം ; ആശയ വിനിമയങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതവുമാക്കുവാനായി കേരളാ പൊലീസിന് ആധുനിക വയര്‍ലസ് സെറ്റുകളൊരുക്കി സര്‍ക്കാര്‍. മോട്ടറോള അടക്കമുളള കമ്പനികള്‍ നിര്‍മ്മാതാക്കളാവുന്ന പുതിയ വയര്‍ലൈസ് സെറ്റുകള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകള്‍ക്കാണ് നല്‍കുന്നത്.

നിലവില്‍ ആറുകോടിയോളം രൂപയാണ് ഓരോ വര്‍ഷവും വിവിധ വിഭാഗങ്ങളിലായി ഉപയോഗിക്കുന്ന വയര്‍ലസിന്റെ ഫ്രീക്വന്‍സിക്കായി ചിലവഴിക്കുന്നത്. എന്നാല്‍ ആധുനിക വയര്‍ലെസില്‍ ചുരുക്കം ചില ഫ്രീക്വന്‍സികൊണ്ട് ആശയ വിനിമയം സാധ്യമാകുകയും ഇത് അമിതമായുളള ചിലവിനെ കുറക്കാനും സാധിക്കും.

സ്റ്റേഷന്‍ ചുമതലയുളള ഉദ്യോഗസ്ഥര്‍ ജില്ലയ്ക്കു പുറത്താണെങ്കിലും വയര്‍ലസിലൂടെ സഹപ്രവര്‍ത്തകരുമായി ഗ്രൂപ്പ് കോളിങ്ങ് ചെയ്യുവാനും ചിത്രം അയക്കുവാനും ഇതിലൂടെ സാധിക്കും.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡാണ് ഡിജിറ്റല്‍ മൊബൈല്‍ റേഡിയോ കമ്യൂണിക്കേഷന്‍ (ഡിഎംആര്‍ കമ്യൂണിക്കേഷന്‍) ഉപകരണങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നത്.

ഡി എംആര്‍ കമ്മ്യൂണിക്കേഷന്‍ അനലോഗ് സംവിധാനത്തില്‍ സംഭാഷണങ്ങളും സന്ദേശങ്ങളും പൂര്‍ണമായും സുരക്ഷിതവും വ്യക്തതയുള്ളതുമായിരിക്കും. കൂടാതെ ജി പി എസിന്റെ സഹായത്തോടെ പൊലീസ് ഉദ്യോഗസ്ഥന്‍ നില്‍കുന്ന സ്ഥലവും വാഹനത്തിനുളളിലെ സംഭാഷണവും രഹസ്യമായി നിരീക്ഷിക്കുവാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു കഴിയും.

കേരളാ പൊലീസിന്റെ ക്രൈംമാപ്പിങ്ങ് സംവിധാനവുമായി ഈ ആധുനിക വയര്‍ലസ് സംവിധാനം സംയോജിപ്പിക്കുന്നതിലൂടെ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Top