‘കേരളം കീഴാറ്റൂരിലേക്ക്’ ; വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി ഐക്യദാര്‍ഢ്യ സമിതിയുടെ റാലി

vayaikili

കണ്ണൂര്‍:വയല്‍ക്കിളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഐക്യദാര്‍ഢ്യ സമര സമിതിയുടെ നേതൃത്വത്തിലുള്ള റാലി ഇന്ന്.’കേരളം കീഴാറ്റൂരിലേക്ക്’ എന്ന മുദ്രാവാക്യമുയര്‍ത്തി തളിപ്പറമ്പ് നഗരത്തില്‍ നിന്നും കീഴാറ്റൂരിലെ നിര്‍ദ്ദിഷ്ട ദേശീയ പാത നിര്‍മ്മിക്കാന്‍ തീരുമാനിച്ച വയലിലേക്കാണ് റാലി സംഘടിപ്പിക്കുന്നത്.

പാര്‍ട്ടി കേന്ദ്രമായ കീഴാറ്റൂരിലേക്ക് റാലി കടത്തിവിടാതിരിക്കാനുള്ള നീക്കവുമുണ്ടെന്നാണ് വിവരം. പൊലീസ് രഹസ്യാന്വേഷണ വിഭാഗം പ്രദേശത്ത് സംഘര്‍ഷ സാധ്യതയുള്ളതായി സൂചനയുണ്ട്. ഇതേതുടര്‍ന്ന് പ്രദേശത്ത് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.

സുരേഷ്ഗോപി എംപി, പി.സി. ജോര്‍ജ് എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ ഹരീഷ് വാസുദേവ്, സി.ആര്‍. നീലകണ്ഠന്‍, കെ.കെ. രമ, ദയാബായ്, സാറാ ജോസഫ്, കര്‍ണാടകയിലെ കര്‍ഷക സമര ജേതാവ് അനുസൂയാമ്മ, വിവിധ സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ മൂവായിരത്തോളം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം തളിപ്പറമ്പ് കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയ പാത ബൈപ്പാസ് നിര്‍മിക്കാന്‍ തീരുമാനിച്ച വയലില്‍ സിപിഎം കൊടി നാട്ടി. നാടിന്റെ കാവല്‍പ്പുര സമരം എന്ന പേരില്‍ കാവല്‍പുരയും നിര്‍മ്മിച്ചിരിക്കുകയാണ്. വയല്‍ ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ സമരം നടത്തുന്ന വയല്‍ക്കിളികള്‍ പ്രതിരോധം സൃഷ്ടിച്ചിരുന്ന സ്ഥലം കൈയടക്കിയാണ് സിപിഎം നേതൃത്വത്തിലുള്ള അഖിലേന്ത്യാ കര്‍ഷക സംഘത്തിന്റെ കൊടി നാട്ടിയത്.

സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറായ ഏതാനും പേരെ മുന്നില്‍ നിര്‍ത്തിയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം വയലില്‍ കൊടി നാട്ടിയത്. പരമാവധി നഷ്ടപരിഹാരം അനുവദിച്ചു തരണം എന്നും ഭൂവുടമയുടെ പേരും എഴുതിയ ബോര്‍ഡ് ഇന്നലെ വൈകുന്നേരത്തോടെ വയലില്‍ സ്ഥാപിച്ചിരുന്നു.

എന്നാല്‍, പാര്‍ട്ടി സ്വാധീന കേന്ദ്രമായ കീഴാറ്റൂരില്‍ വയല്‍ ഏറ്റെടുക്കുന്നതിനെതിരെ സമരം ചെയ്യുന്നവരുടെ സ്ഥലങ്ങളില്‍ ഞങ്ങള്‍ ഭൂമി വിട്ടു നല്‍കാന്‍ തയ്യാറെന്ന രീതിയില്‍ സിപിഎം വ്യാപകമായി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി ഐക്യദാര്‍ഢ്യ സമിതി ‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരില്‍ സമരം നടക്കാനിരിക്കെ എല്ലാവരും ഭൂമി വിട്ടുനല്‍കാന്‍ തയ്യാറാണെന്നും ഇവിടെ പ്രശ്നങ്ങളൊന്നും ഇല്ലെന്നും വരുത്തി തീര്‍ക്കാനാണ് വ്യാപകമായി ബോര്‍ഡുകളും കൊടിയും സ്ഥാപിച്ചതെന്നാണ് സൂചന. പി. ജയരാജന്‍, ജയിംസ് മാത്യു എംഎല്‍എ എന്നിവര്‍ക്കു പുറമേ കര്‍ഷക സംഘത്തിന്റെയും സിപിഎമ്മിന്റെയും പ്രാദേശിക നേതാക്കളും ചേര്‍ന്നാണ് കൊടി നാട്ടിയത്.

Top