വികസന പദ്ധതികള്‍ എകോപിപ്പിക്കാന്‍ കേരളം സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കും

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരി പ്രഖ്യാപിച്ച വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ കേരളം ഷാര്‍ജയില്‍ സ്‌പെഷല്‍ ഓഫിസറെ നിയമിക്കും.

ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരള സന്ദര്‍ശനത്തിനിടെ വികസന പദ്ധതികള്‍ പ്രഖ്യപിച്ചിരുന്നു.ഇതിനായി ഗള്‍ഫ് ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവരെ ഷാര്‍ജയില്‍ സ്‌പെഷല്‍ ഓഫിസറായി നിയമിക്കും.

വിദ്യാഭ്യാസം, ടൂറിസം, അടിസ്ഥാനസൗകര്യ വികസനം എന്നീ വിഷയങ്ങളില്‍ കേരളവുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്നു ഷെയ്ഖ് സുല്‍ത്താന്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കേരളം സമര്‍പ്പിച്ച വികസന നിര്‍ദേശങ്ങളില്‍ നടപടിയെടുക്കാന്‍ ഷാര്‍ജയില്‍നിന്നുള്ള ഉന്നതസംഘത്തെ അയയ്ക്കുമെന്നു ഷെയ്ഖ് സുല്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്റര്‍നാഷനല്‍ എക്‌സലന്‍സ് സെന്റര്‍ ഫോര്‍ അറബിക് സ്റ്റഡീസ് തുടങ്ങാനുള്ള സാമ്പത്തികച്ചെലവു വഹിക്കാന്‍ തയാറാണെന്നു ഷെയ്ഖ് സുല്‍ത്താന്‍ വാഗ്ദാനം നല്‍കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്യാന്‍ സര്‍വകലാശാലാ അധികൃതരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അടുത്ത മാസം ഷാര്‍ജയില്‍ നടക്കുന്ന ഷെയ്ഖ് സുല്‍ത്താന്റെ പുസ്തക പ്രകാശനത്തിനു സംസ്ഥാന സര്‍ക്കാരിനു ലഭിച്ച പ്രത്യേക ക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ.ടി.ജലീല്‍ പങ്കെടുക്കും.

Top