kerala-police’s new reshuffling during only six months

തിരുവനന്തപുരം: പുതുതായി 16 എസ്.പിമാര്‍ക്ക് ലഭിച്ച ജില്ലകളിലെ ക്രമസമാധാന ചുമതല താല്‍ക്കാലികം ! ആറ് മാസത്തെ മാത്രം മിനിമം കാലാവധിയാണ് ‘മികവ് ‘ തെളിയിക്കാന്‍ എസ്.പിമാര്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് സൂചന. എസ്.പിമാരുടെ പ്രവര്‍ത്തന സംബന്ധമായി പരാതികളുയര്‍ന്നാല്‍ ആറ് മാസത്തിന് ശേഷം വീണ്ടും സ്ഥാനചലനമുണ്ടാകും.

അധികാരത്തില്‍ വന്നയുടനെ പൊലീസ് തലപ്പത്ത് മുഖ്യമന്ത്രി പിണറായി നടത്തിയ നിയമനം സി പി എം നേതൃത്വത്തില്‍ കടുത്ത അതൃപ്തിക്ക് കാരണമായിരുന്നെങ്കിലും ആറ് മാസത്തിനുള്ളില്‍ വീണ്ടുമൊരു സ്ഥലമാറ്റം നടത്തുന്നതിനോട് പിണറായിക്ക് യോജിപ്പില്ലാതിരുന്നതുകൊണ്ട് മാത്രമാണ് എസ്പിമാരുടെ സ്ഥലമാറ്റം നടക്കാതെപോയിരുന്നത്.

സി പി എം കണ്ണൂര്‍ ജില്ലാ നേതൃത്തിന്റെ കണ്ണിലെ കരടായ എസ്.പി സഞ്ജയ് ഗുരുഡിന്‍ എറണാകുളത്ത് സി പി എം ജില്ലാ കമ്മിറ്റി അംഗത്തെ ഗുണ്ടാ ബന്ധമുള്ള കേസില്‍ അകത്താക്കിയ ഡി സി പി അരുള്‍ ആര്‍.ബി കൃഷ്ണ തുടങ്ങിയവരെ പോലും മാറ്റാതിരുന്നത് അതുകൊണ്ടായിരുന്നു.

എന്നാല്‍ പൊലീസിനെതിരെ വ്യാപകമായ പ്രതിഷേധമുയരുകയും ഘടകകക്ഷികള്‍ മാത്രമല്ല മുതിര്‍ന്ന സി പി എം നേതാക്കള്‍ പോലും പൊലീസിനെതിരെ രംഗത്ത് വരികയും ചെയ്ത സാഹചര്യത്തിലാണ് മാറ്റത്തിന് പിണറായിയും നിര്‍ബന്ധിതനായത്.

എറണാകുളത്ത് സി പി എം നേതാവിനെതിരായ നടപടി മുഖ്യമന്ത്രി അറിഞ്ഞ് കൊണ്ടായതിനാല്‍ ഡിസിപി അരുളിനെ സ്ഥലം മാറ്റിയപ്പോള്‍ പകരം തലസ്ഥാന നഗരിയില്‍ ഡി സി പിയാക്കി പിണറായി സംരക്ഷിച്ചുവെന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ നിരന്തരമായ പരാതിയെ തുടര്‍ന്ന് കോഴിക്കോട് റൂറലില്‍ നിന്ന് സ്ഥലം മാറ്റിയ എസ് പി വിജയകുമാറിനെ തൃശൂര്‍ റൂറലിലേക്ക് മാറ്റി നിയമിച്ചത് അപ്രതീക്ഷിതമായിരുന്നു. ഇപ്പോഴത്തെ അഴിച്ചുപണിയില്‍ കാര്യമായി നേട്ടമുണ്ടാക്കിയത് കണ്‍ഫേഡ് ഐ.പിഎസുകാരായ എസ്.പിമാരാണ്. നേരിട്ട് ഐപിഎസ് നേടിയ യുവരക്തങ്ങള്‍ തെറിച്ചത് ജില്ലാ ഭരണത്തില്‍ സി പി എം നേതൃത്വത്തിന്റെ ഇടപെടല്‍ സുഗമമാക്കുമെന്ന കാര്യത്തില്‍ നേതാക്കള്‍ ആത്മവിശ്വാസത്തിലാണ്.

അതേസമയം പൊലീസില്‍ ബാഹ്യ ഇടപെടലുകള്‍ക്കും പാര്‍ട്ടി ഇടപെടലുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ നയം ഇപ്പോഴത്തെ കൂട്ട സ്ഥലമാറ്റത്തിലൂടെ പൊളിയുമെന്ന ആശങ്കയും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

പുതുതായി ഇപ്പോള്‍ ജില്ലകളില്‍ നിയമിക്കപ്പെട്ട മിക്കവരുടെയും ട്രാക്ക് റിക്കാര്‍ഡുകള്‍ വളരെ മോശമാണെന്ന അഭിപ്രായം സേനക്കകത്തും ശക്തമാണ്. ഈയൊരു സാഹചര്യത്തിലാണ് നിയമനം ‘ശാശ്വതമല്ലന്ന’ വിവരവും പുറത്തായിരിക്കുന്നത്.

ക്രമസമാധാന ചുമതലയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കാതെ സ്ഥാനചലനമുണ്ടാകില്ലന്ന് കരുതി ആരും ചാര്‍ജ്ജെടുക്കേണ്ടതില്ലന്ന് വ്യക്തം. ഇപ്പോള്‍ ജില്ലാ ഭരണത്തില്‍ നിന്നും സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥരെല്ലാം 6 മാസ കാലാവധി പൂര്‍ത്തിയാക്കിയ ഉടനെ തെറിച്ചവരാണ്.

മലപ്പുറം, കോട്ടയം എസ്പിമാരും എറണാകുളം, തിരുവനന്തപുരം, കൊല്ലം കമ്മീഷണര്‍ മാരും മാത്രമാണ് ജില്ലകളിലെ ക്രമസമാധാന ചുമതലകളില്‍ നിന്നും തെറിക്കാതിരുന്നത്. ഇതില്‍ കൊല്ലം റൂറല്‍ എസ്പി അജിതാ ബീഗത്തെ പ്രസവാവധിയെ തുടര്‍ന്നാണ് മാറ്റിയത്.കൊല്ലം കമ്മീഷണര്‍ സതീഷ്‌ ബിനോയുടെ ഭാര്യയാണ് അജിതാ ബീഗം.

സ്ഥാനചലനം നേരിട്ടവരില്‍ ഏതാനും ചില എസ്പിമാര്‍ക്ക് മാത്രമാണ് മറ്റ് ജില്ലകളില്‍ നിയമനം ലഭിച്ചത്. ഐ ജി, എഡിജിപി, ഡി ജി പി തസ്തികയിലുള്ള ചില ഉദ്യോഗസ്ഥരുടെ മാറ്റങ്ങളും അധികം താമസിയാതെ ഉണ്ടാകുമെന്നാണ് സൂചന.

Top