kerala-police-reshuffling- violating Supreme Court’s order

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരെ രണ്ട് വര്‍ഷത്തിനുള്ളില്‍ മതിയായ കാരണങ്ങളില്ലാതെ സ്ഥലം മാറ്റരുതെന്ന സുപ്രീം കോടതി നിര്‍ദ്ദേശം ഇടത് സര്‍ക്കാരും ലംഘിച്ചു.

പ്രകാശ് സിംങ്ങ് കേസിലാണ് നിര്‍ണ്ണായക ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നത്. ഇപ്പോള്‍ സ്ഥലംമാറ്റപ്പെട്ടവരെല്ലാം ജില്ലകളില്‍ ആറുമാസം മാത്രം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവരായതിനാല്‍ സ്ഥലംമാറ്റത്തെ കോടതിയില്‍ ചോദ്യം ചെയ്താല്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്നാണ് നിയമ കേന്ദ്രങ്ങള്‍ ചൂണ്ടികാണിക്കുന്നത്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം നിയമനം നല്‍കിയ ഉദ്യോഗസ്ഥരെയാണ് ആറുമാസം മാത്രം പിന്നിട്ടപ്പോള്‍ ഒറ്റയടിക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. സ്ഥലംമാറ്റ വാര്‍ത്ത ആദ്യം പുറത്തുവിട്ടത് express kerala-യാണ്.

മുന്‍പ് യുഡിഎഫ് സര്‍ക്കാര്‍ എസ്.പിമാരെ ഇതേ രൂപത്തില്‍ തെറിപ്പിച്ചപ്പോള്‍ ശക്തമായി എതിര്‍ത്ത് രംഗത്ത് വന്നിരുന്നത് സി പി എം ആയിരുന്നു. നിയമനം നല്‍കിയ ഉടനെ സ്ഥലം മാറ്റുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുമെന്നായിരുന്നു അന്ന് കോടിയേരി പറഞ്ഞിരുന്നത്.

16 പൊലീസ് ജില്ലകളിലെയും ഉദ്യോഗസ്ഥരെ മാറ്റിയ വന്‍ അഴിച്ചുപണിയാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. മലപ്പുറം എസ് പി ദേബേഷ് കുമാര്‍ ബഹ്‌റ, എസ്പി റാങ്കിലുള്ള കൊല്ലം കമ്മീഷണര്‍ സതീഷ് ബിനോ, കോട്ടയം എസ്.പി
എന്‍ രാമചന്ദ്രന്‍ എന്നിവരാണ് ഇതിന് ‘അപവാദം’.

കമ്മീഷണര്‍മാരില്‍ ഡി ഐ ജി റാങ്കിലുള്ള തിരുവനന്തപുരം, എറണാകുളം കമ്മീഷണര്‍മാരെയും ഇപ്പോള്‍ മാറ്റിയിട്ടില്ല. കൂടുതല്‍ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരുടെ മാറ്റങ്ങള്‍ ഉടന്‍ നടക്കും. ഇപ്പോള്‍ സ്ഥലം മാറ്റം ലഭിച്ച ഭൂരിപക്ഷ ഉദ്യോഗസ്ഥരും കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ നിരവധി തവണ സ്ഥാന ചലനം നേരിട്ടവരാണ്.

ഇതില്‍ പാലക്കാട് എസ്.പി ഡോ.ശ്രീനിവാസാണ് ഏറ്റവും അധികം സ്ഥലമാറ്റത്തിന് വിധേയനായത്.മുഖം നോക്കാതെ നടപടി സ്വീകരിക്കുന്നതും രാഷ്ട്രീയ ശുപാര്‍ശകള്‍ക്ക് പരിഗണന കൊടുക്കാത്തതുമാണ് മിക്ക ഉദ്യോഗസ്ഥര്‍ക്കും തിരിച്ചടിയായത്.

അതേസമയം ഏറെ ആരോപണ വിധേയനായ കോഴിക്കോട് റൂറല്‍ എസ്.പി വിജയകുമാറിനെ തൃശൂര്‍ റൂറലിലേക്ക് മാറ്റി നിയമിച്ചത് ഉന്നത ഉദ്യോഗസ്ഥരെപോലും ഞെട്ടിച്ചിട്ടുണ്ട്.

കൃത്യമായ പരിശോധന നടത്തി മാത്രമേ ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലയില്‍ നിയമിക്കൂവെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന് എതിരായാണ് ഈ നിയമനമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ആക്ഷേപത്തെ തുടര്‍ന്ന് തൃശ്ശൂര്‍ റൂറലില്‍ നിന്ന് പാലക്കാട്ടേക്ക് നിയമിച്ചിരുന്ന ഈ ഉദ്യോഗസ്ഥനെ പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ നടന്ന സ്ഥലമാറ്റത്തില്‍ കോഴിക്കോട് റൂറലിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു. അവിടെ നിന്നാണ് വീണ്ടുമിപ്പോള്‍ തൃശ്ശൂര്‍ റൂറലിലേക്ക് മാറ്റി നിയമിച്ചിരിക്കുന്നത്. പ്രമുഖ ആര്‍ എസ് പി നേതാവിന്റെ മകളുടെ ഭര്‍ത്താവാണ് ഈ ഉദ്യോഗസ്ഥന്‍.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അടിക്കടിനടന്ന സ്ഥലമാറ്റത്തിനെതിരെ ചില എസ്.പിമാര്‍ സിഎടിയില്‍ (സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍) പരാതി നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടികളുമായി മുന്നോട്ട് പോയിരുന്നില്ല. കോടതിയില്‍ സമീപിച്ച ചില എസ്.പിമാരെ പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ ജില്ലകളില്‍ മാറ്റി നിയമിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

ഇടത് സര്‍ക്കാരും സ്ഥലമാറ്റ കാര്യത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ പാത പിന്‍തുടര്‍ന്നതിനാല്‍ സ്ഥലമാറ്റത്തിനെതിരെ സിഎടിയെ സമീപിക്കണമോ എന്ന കാര്യവും ഇപ്പോള്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

ഒരു വിഭാഗമാകട്ടെ ഡെപ്യൂട്ടേഷന് പോകാനുള്ള ഒരുക്കത്തിലുമാണ്. വിനീതവിധേയനായി ആരുടേയും കാലുപിടിച്ച് ജില്ല ഭരിക്കാനില്ലന്ന നിലപാടും ഒതുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്.

അഞ്ചു വര്‍ഷം മാത്രം കാലാവധിയുള്ള സര്‍ക്കാരിനു മുന്നില്‍ 25 ഉം 30 ഉം വര്‍ഷം സര്‍വ്വീസ് ബാക്കി നില്‍ക്കുന്ന നട്ടെലുള്ള ഐപിഎസുകാരന് തലകുനിക്കേണ്ട ആവശ്യമില്ല എന്ന അഭിപ്രായത്തിലാണവര്‍.

അതേസമയം ഇപ്പോഴത്തെ സ്ഥലമാറ്റത്തില്‍, സി പി എം നേതൃത്വം ഹാപ്പിയാണ്.കഴിഞ്ഞ നിയമനത്തില്‍ പാലിക്കപ്പെടാതിരുന്ന പാര്‍ട്ടി താല്‍പര്യം ഇപ്പോള്‍ പരിഗണിക്കപ്പെട്ടുവെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്.പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ സ്ഥലമാറ്റം എന്നതും ശ്രദ്ദേയമാണ്‌.

Top