കേരള പൊലീസിന്റെ സൈബർ ഡോം ഫെസ്റ്റ് – 2017, ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

police

തിരുവനന്തപുരം: കേരള പൊലീസ് സൈബര്‍ ഡോം ഫെസ്റ്റ് -2017ന് ചൊവ്വാഴച് തുടക്കമാവും. തിരുവനന്തപുരം ശ്രീമൂലം ക്ലബില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കേരള പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ സ്വാഗത പ്രസംഗവും, ചീഫ് സെക്രട്ടറി കെ എം എബ്രഹാം മുഖ്യ പ്രഭാഷണവും നടത്തും.

വിഎസ് ശിവകുമാര്‍ എം എല്‍ എ, തിരുവനന്തപുരം മേയര്‍ അഡ്വ വികെ പ്രശാന്ത്, ക്രൈം ബ്രാഞ്ച് മേധാവി എ ഹേമചന്ദ്രന്‍, എഡിജിപി ബി. സന്ധ്യ, ടെക്‌നോപാര്‍ക്ക് സി.ഇ.ഒ ഋഷികേശ് നായര്‍, ജി-ടെക് ചെയര്‍മാന്‍ കെ നന്ദകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.

സൈബര്‍ ഡോം നോഡല്‍ ഓഫീസറും റേഞ്ച് ഐജിയുമായ മനോജ് എബ്രഹാം നന്ദി പ്രകാശിപ്പിക്കും.

സൈബര്‍ ഡോം ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ അവാര്‍ഡ്ദാനം, സിഐ മോബി ആപ്പിന്റെ അവതരണം, സൈബര്‍ ഡോം കമാന്‍ന്റേഴ്‌സിന് മെഡല്‍ വിതരണം, സൈബര്‍ ഡോം മൊബൈല്‍ വെബ് പോര്‍ട്ടലിന്റെ ഉദ്ഘാനം, സഞ്ജയ് കുമാര്‍ ഗുരുദിന്‍ ഐപിഎസിന്റെ ‘ഈസ് യുവര്‍ ചൈല്‍ഡ് സേയ്ഫ്’ പുസ്തക പ്രകാശനം തുടങ്ങിയവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്ന പ്രധാന ചടങ്ങുകള്‍.

സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമാണ് പൊലീസ് സൈബര്‍ ഡോം തുടങ്ങിയത്.

പൊലീസിലെ ഐ.ടി.വിദഗ്ധര്‍ക്കു പുറമെ ഐ.ടി. പ്രൊഫഷണലുകളുടെ സേവനവും ഇതിന് ഉപയോഗപ്പെടുത്തുന്നുണ്ട്.

സൈബര്‍സെല്ലുകളില്‍ കണ്ടെത്താന്‍ കഴിയാത്ത കേസുകള്‍ സൈബര്‍ ഡോമിലേക്കാണ് ഇപ്പോള്‍ നല്‍കുന്നത്.

ഇന്റര്‍നെറ്റ്, സാമൂഹികമാധ്യമങ്ങള്‍ എന്നിവയുടെ നിരീക്ഷണം, സൈബര്‍ ഫോറന്‍സിക്, കുട്ടികളുടെ സുരക്ഷയ്ക്കായുള്ള ട്രാക്കിങ്, വിരലടയാള വിശകലന സോഫ്റ്റ് വെയര്‍ വികസനം എന്നിവയൊക്കെ സൈബര്‍ ഡോമിന്റെ മേല്‍നോട്ടത്തിലാണ് നടത്തുന്നത്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനുമായി ഇന്ത്യയില്‍ ആദ്യമായാണ് പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഇത്തരമൊരു കേന്ദ്രം ആരംഭിക്കുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലാണ് സൈബര്‍ ഡോമിന്റെ ആസ്ഥാനം.

വിവരസാങ്കേതിക വിദ്യയുടെ എല്ലാ വശങ്ങളും അടിസ്ഥാനമാക്കി സൈബര്‍ ഫോറന്‍സിക്, സൈബര്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി, ഇന്‍സിഡന്‍സ് റെസ്‌പോണ്‍സ്, ഇന്റര്‍നെറ്റ് മോണിറ്ററിങ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ കണ്ടെത്തല്‍, വിഒഐപി/സ്‌കൈപ് കാള്‍ വിശകലനം, സൈബര്‍ ഭീകരവാദം തടയല്‍, ഡാര്‍ക്ക് നൈറ്റ് എക്‌സ്‌പ്ലോറിങ് തുടങ്ങിയ വിവിധതരം പ്രവര്‍ത്തനങ്ങള്‍ സൈബര്‍ ഡോമിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. കൂടാതെ, സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നിരീക്ഷിക്കുന്നതിനുമായി സോഷ്യല്‍ മീഡിയ വിശകലന ലാബും സൈബര്‍ ഡോമിനുണ്ട്.

Top