രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ കേരളത്തിന് ഇത്തവണയും നഷ്ടമായേക്കും

തിരുവനന്തപുരം ; സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നല്‍കുന്ന രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ പട്ടികയില്‍നിന്ന് കേരളം പുറത്താകാന്‍ സാധ്യത. മേയ് 15ന് അകം കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കേണ്ടിയിരുന്ന പുരസ്‌കാരത്തിനു ശുപാര്‍ശ ചെയ്യുന്ന പട്ടിക ഇതുവരെ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് നല്‍കിയിട്ടില്ല.

രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിനു രണ്ടുപേര്‍ക്കും സ്തുത്യര്‍ഹ മെഡലിന് 20 പേര്‍ക്കുമാണു കേരളത്തില്‍നിന്ന് അര്‍ഹതയുള്ളത്. ഇതില്‍ ആദ്യത്തേതിനു നാലു പേരുകളും രണ്ടാമത്തേതിന് 24 പേരുകളും അന്തിമ തീയതിക്കു തൊട്ടു മുന്‍പ് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറി. അതിനും ഒരാഴ്ച മുന്‍പു മാത്രമാണു പൊലീസ് ആസ്ഥാനത്തുനിന്ന് ഈ പട്ടിക തങ്ങള്‍ക്കു ലഭിച്ചതെന്നാണ് ആഭ്യന്തര വകുപ്പു വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

മെഡല്‍ പട്ടിക അയയ്ക്കാന്‍ നിര്‍ദേശിച്ചു കഴിഞ്ഞ മാര്‍ച്ച് ആദ്യംതന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്തു നല്‍കിയിരുന്നു. 2008നും 2017നുമിടയില്‍ വകുപ്പുതല ശിക്ഷാ നടപടിക്കു വിധേയരായവരെയും കോടതി ശിക്ഷിച്ചവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്നും, ശുപാര്‍ശ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് ഒപ്പം നല്‍കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നു. മാത്രമല്ല മേയ് 15നു ശേഷം നല്‍കുന്ന പട്ടിക ഒരു കാരണവശാലും മെഡലിനു പരിഗണിക്കില്ലെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

Top