വ്യക്തികളുടെ സ്വകാര്യതയില്‍ കൈകടത്താന്‍ അനുവദിക്കരുതെന്ന് കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഡി: വ്യക്തികളുടെ സ്വകാര്യതയില്‍ ഏകപക്ഷീയമായി കൈകടത്താന്‍ അനുവദിക്കരുതെന്ന് കേരളം സുപ്രീംകോടതിയില്‍.

സ്വകാര്യത മൗലികാവകാശമാണോയെന്ന വിഷയത്തില്‍ സുപ്രീം കോടതിയിലാണ് കേരളത്തിന്റെ വാദം.

സ്വകാര്യത നിരീക്ഷിക്കാനും പകര്‍ത്താനും അനുവദിക്കുന്നത് അപകടകരം. ശരീരത്തിന്റെയും മനസിന്റെയും ചിന്താരീതിയുടെയും സ്വകാര്യത മാനിക്കപ്പെടണം. ശേഖരിക്കുന്ന വിവരങ്ങള്‍ സൂക്ഷിക്കാനുളള സംവിധാനം അപര്യാപ്തം. സ്വകാര്യത മൗലികാവകാശമാണോയെന്ന് പരിശോധിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ കേരളം രേഖാമൂലം വാദങ്ങള്‍ സമര്‍പ്പിച്ചു.

കേരളത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ പി വി സുരേന്ദ്രനാഥാണ് ഹാജരായത്.

ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണെന്നാരോപിച്ച് നല്‍കിയ ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സ്വകാര്യത മൗലികാവശകമാണോയെന്ന് പരിശോധിക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചത്.

നേരത്തെ വാദത്തിനിടെ സ്വകാര്യത പരമമായ അവകാശമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഭരണഘടന ഉറപ്പ് നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുന്നതാണ് സ്വകാര്യതയെങ്കിലും, ചില നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്നാണ് കേന്ദ്രത്തിന്റെ വാദം.

ചീഫ് ജസ്റ്റിസ് ജെഎസ് കേഹാറിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ജസ്റ്റിസ് ജെ ചെലമേശ്വര്‍, എസ്എ ബോബ്‌ഡെ, ആര്‍കെ അഗര്‍വാള്‍, ആര്‍എഫ് നരിമാന്‍, അഭയ് മനോഹര്‍ സാപ്രെ, ഡിവൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്നതായിരുന്നു ബെഞ്ച്.

Top