കേരളത്തിന് ഇത് അഭിമാന മുഹൂര്‍ത്തം;കൊച്ചി മെട്രോ റെയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: കേരളത്തിന്റെ അഭിമാന മുഹൂര്‍ത്തത്തിന് തിരിതെളിഞ്ഞു. കൊച്ചി മെട്രോ റെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം ചെയ്തു.

കലൂര്‍ രാജ്യാന്താര സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. വിവാദങ്ങള്‍ ഏറെയുണ്ടായിരുന്നെങ്കിലും നീണ്ട നാളത്തെ കേരളത്തിന്റെ സ്വപ്നമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതോടെ ഇന്ന് യാഥാര്‍ത്ഥ്യമായത്.

മലയാളത്തില്‍ സംസാരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ‘എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, കൊച്ചി മെട്രോയുടെ പ്രൗഢഗംഭീരമായ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ കൊച്ചിയിലേയും കേരളത്തിലെയും ജനങ്ങള്‍ക്കൊപ്പം ഞാന്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു’. പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡും മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ വണ്‍ മെട്രോ ആപ്പും പ്രകാശനം ചെയ്തു.

രാജ്യമെന്നോ, സംസ്ഥാനമെന്നോ വ്യത്യാസമില്ലാതെ, വികസനം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു. കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മലയാളത്തില്‍ അഭിസംബോധന ചെയ്താണ് വെങ്കയ്യ നായിഡുവും പ്രസംഗം ആരംഭിച്ചത്.

പത്തേകാലോടെ നാവികസേനാ ആസ്ഥാനത്ത് പ്രത്യേകവിമാനത്തിലാണ് മോദി എത്തിയത്. ഗവര്‍ണര്‍ പി.സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. എംപിമാരായ കെ.വി.തോമസ്, സുരേഷ് ഗോപി, മേയര്‍ സൗമിനി ജെയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ബിജെപി സംസ്ഥാനഅധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും ഇവിടെത്തിയിരുന്നു. metromodi

ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി പാലാരിവട്ടം മെട്രോ സ്‌റ്റേഷന്റെ ഉദ്ഘാടനമാണ് ആദ്യം നിര്‍വഹിച്ചത്. പാലാരിവട്ടത്ത് നിന്ന് പത്തടിപ്പാലത്തേക്കും തിരിച്ചുമായിരുന്നു മോദിയുടെ ആദ്യ മെട്രോ യാത്ര. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മെട്രോ മാന്‍ ഇ.ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരും മോദിക്കൊപ്പം മെട്രോയിലുണ്ടായിരുന്നു.

ഉദ്ഘാടന ചടങ്ങിനു ശേഷം സെന്റ് തെരേസാസ് കോളേജില്‍ സംഘടിപ്പിച്ച പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ പരിപാടിയിലും മോദി പങ്കെടുത്തു

പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടം വലുതാണ,് സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും താല്‍പര്യമാണ് നേട്ടങ്ങള്‍ക്ക് കാരണമെന്ന് പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ദേശീയ വായനാ ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

തുടര്‍ന്ന് റോഡ് മാര്‍ഗം നാവികസേന വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായും സംസ്ഥാന മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കൊച്ചി നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. കൊച്ചിയില്‍ കനത്ത ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.

മെട്രോ ഉദ്ഘാടനം കഴിഞ്ഞെങ്കിലും യാത്രാ സര്‍വ്വീസുകള്‍ തിങ്കളാഴ്ച മുതലേ ആരംഭിക്കുകയുള്ളൂ. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം വിശിഷ്ടാതിഥികള്‍ക്കായി യാത്ര സംഘടിപ്പിച്ചിട്ടുണ്ട്.

ഞായറാഴ്ചയും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് തന്നെയാണ് യാത്ര ചെയ്യാനാകുക. സ്‌നേഹ യാത്ര എന്നപേരില്‍ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ യാത്രകളില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും വൃദ്ധസദനങ്ങളിലെ അന്തേവാസികളുമെല്ലാം സന്നിഹിതരാകും.

Top