ദുരിതാശ്വാസം; യു.എ.ഇയില്‍ അനധികൃത പണപ്പിരിവ് പാടില്ലെന്ന് നവ്ദീപ് സിങ് സൂറി

അബുദാബി: ദുരിതാശ്വാസത്തിന്റെ പേരില്‍ യു.എ.ഇയില്‍ അനധികൃത പണപ്പിരിവ് പാടില്ലെന്ന് ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സിങ് സൂറി. ധനസഹായം എമിറേറ്റ്‌സ് റെഡ്ക്രസിന്റ് കൈമാറുകയോ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കുകയോ വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.

എമിറേറ്റ്‌സ് റെഡ്ക്രസന്റ് പോലുള്ള അംഗീകൃത കൂട്ടായ്മകള്‍ക്കല്ലാതെ യു എ ഇയില്‍ പണപ്പിരിവ് നടത്താന്‍ അനുമതിയില്ല. സംഘടനകള്‍ക്ക് അവരുടെ ഫണ്ടുകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാം. എന്നാല്‍, പണം പിരിക്കാന്‍ നിയമം അനുവദിക്കുന്നില്ല. പ്രളയത്തില്‍ പാസ്‌പോര്‍ട്ട്, വിസ തുടങ്ങിയ രേഖകള്‍ നഷ്ടമായവര്‍ക്ക് ഇളവ് അനുവദിക്കാന്‍ എംബസി യു എ ഇ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് സമയം നീട്ടി നല്‍കാനുള്ള നിര്‍ദേശവും സമര്‍പ്പിച്ചിട്ടുണ്ട്.

പ്രളയബാധിതരായ വിദ്യാര്‍ഥികളുടെ ഹാജര്‍ നിലയില്‍ രണ്ടാഴ്ചത്തെ ഇളവ് അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടും. ദുരിതം നേരിടുന്ന പ്രദേശങ്ങളില്‍ സന്നദ്ധസേവനത്തിന് താല്‍പര്യമുള്ള പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന് നോര്‍ക്ക രൂപം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top