കേരളത്തിന് സഹായ ഹസ്തവുമായി സൗദി പ്രവാസികളും സ്വദേശികളും രംഗത്ത്

kerala flood force

ദുബായ്: പ്രളയ ദുരിതത്തിലായ കേരളത്തിന് സഹായ ഹസ്തവുമായി സൗദി പ്രവാസികളും സ്വദേശികളും രംഗത്ത്. വിഭവ സമാഹരണത്തിനും ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണത്തിനും നേതൃത്വം നല്‍കി വിവിധ കൂട്ടായ്മകളും സംഘടനകളും ഒത്തൊരുമിച്ചു.

സൗദി കിഴക്കന്‍ പ്രവിശ്യയിലെ വിവിധ സംഘടനകളും കൂട്ടായ്മകളുമാണ് ദുരിതാശ്വാസ വിഭവ സമാഹരണത്തിന് തുടക്കം കുറിച്ചത്. പ്രവിശ്യയിലെ മുഖ്യ സംഘടനകളായ കെ.എം.സി.സി, തനിമ, നവോദയ, യൂത്ത് ഇന്ത്യ, വേള്‍ഡ് മലയാളി അസോസിയേഷന്‍ തുടങ്ങിയ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് വിഭവ സമാഹരണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരണവും നടത്തുന്നത്.

ഷോപ്പിംഗ് മാളുകള്‍, കമ്പനി ക്യാമ്പുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സമാഹരണം നടത്തുന്നത്. വിഭവ സമാഹരണത്തിന് പ്രവാസികളായ വിവിധ രാജ്യക്കാരില്‍ നിന്നും സ്വദേശികളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയിലെ അറേബ്യന്‍ ഫാള്‍ കമ്പനി ഉടമ സ്വദേശിയായ അബ്ദുല്ലാ സാല അല്‍ സയ്യിദ് കഴിഞ്ഞ ദിവസം പത്ത് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

വിഭവ സമാഹരണം ആരംഭിച്ച് രണ്ട് ദിവസം പൂര്‍ത്തീകരിക്കുമ്പോള്‍ ഒരു ടണ്ണിലധികം അവശ്യ വസ്തുക്കളാണ് എയര്‍ കാര്‍ഗോ വഴി നാട്ടിലേക്ക് അയയ്‌ക്കുന്നത്. പ്രവിശ്യയിലെ വലുതും ചെറുതുമായ എല്ലാ സംഘടനകളും ഈദ് , ഓണം ആഘോഷങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്. പകരം ഈ തുക നാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Top