ദുരിതബാധിതരെ സഹായിക്കാന്‍ പ്രവാസി സംഘടനകളും കൈകോര്‍ക്കുന്നു

കുവൈറ്റ് : കേരളത്തിലെ ജീവിതത്തെ ദുരിതത്തില്‍ മുക്കിയ പ്രളയ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് കുവൈറ്റ് കേരള മുസ്‌ളീം അസോസിയേഷന്‍ (കെ കെ എം എ ) 25 ലക്ഷം രൂപ നല്‍കും .

കഴിഞ്ഞ ദിവസം അടിയന്തിര സഹായമായി അനുവദിച്ച 5 ലക്ഷം രൂപ കൂടാതെയാണിത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ പ്രത്യേകമായി ചേര്‍ന്ന കെ കെ എം എ കേന്ദ്ര എക്‌സ്‌ക്യൂട്ടീവ് യോഗമാണ് കൂടുതല്‍ വിപുലമായ പുനരധിവാസ പ്രവര്‍ത്തനത്തിന് മുന്‍കയ്യെടുക്കുമെന്ന് തീരുമാനിച്ചത് .

കേരളത്തിലെ പ്രളയബാധിതപ്രദേശങ്ങളിലുള്ളവരെ സഹായിക്കാന്‍ കുവൈറ്റിലെ പ്രശസ്ത ജനകീയ ആതുരാലയമായ മെട്രോ മെഡിക്കല്‍ കെയര്‍ ഗ്രൂപ്പിലെ എല്ലാ ജീവനക്കാരും ചേര്‍ന്ന് തങ്ങളുടെ ഒരു ദിവസത്തെ വേതനം മാറ്റിവെക്കാന്‍ തീരുമാനിച്ചു.

അഞ്ചു ലക്ഷം രൂപയാണ് ഇതിനു വേണ്ടി സമാഹരിച്ചത്. അര്‍ഹതപ്പെട്ടവര്‍ക്ക് എത്രയും വേഗത്തില്‍ എത്തിച്ചു കൊടുക്കുവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നു മെട്രോ മെഡിക്കല്‍ കെയര്‍ മാനേജ്‌മെന്റ് അറിയിച്ചു. തങ്ങളുടെ സഹോദരങ്ങളുടെ കൂടെ ഇത് പോലുള്ള സാഹചര്യങ്ങളില്‍ ഒരു കൈത്താങ്ങായി പ്രവര്‍ത്തിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

Top