കേരളം കരകയറുന്നു! ചെങ്ങന്നൂരില്‍ രക്ഷാ പ്രവര്‍ത്തനം തുടരുന്നു

കൊച്ചി: പ്രളയത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലേക്ക്‌. ഭൂരിഭാഗം ആളുകളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ചുരുക്കം ചില മേഖലകളില്‍ മാത്രമാണ് ഇനിയും ആളുകള്‍ ഒറ്റപ്പെട്ട് കഴിയുന്നത്. ഷോളയാര്‍ ഡാമില്‍ 8 കെഎസ്ഇബി ഉദ്യോഗസ്ഥരാണ്‌ കുടുങ്ങിക്കിടക്കുന്നത്. ഇവരെ ഉടന്‍ പുറത്തെത്തിക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. ഹെലികോപ്ടര്‍ ഉപയോഗിച്ചായിരിക്കും ഇവരെ രക്ഷപ്പെടുത്തുക.

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം രണ്ട് ദിവസങ്ങള്‍ കൂടി നീളും. ചെറുവള്ളങ്ങളിലായിരിക്കും ഇന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
പാണ്ടിനാട് കുടുങ്ങിക്കിടക്കുന്നവരെ ഉടന്‍ പുറത്തെത്തിക്കും. ഈ പഞ്ചായത്തിലെ 4 വാര്‍ഡുകള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണുള്ളത്. പമ്പയാറ് മുറിച്ച് കടക്കുക എന്നതാണ് ഇവിടുത്തെ രക്ഷാപ്രവര്‍ത്തനത്തെ പ്രയാസകരമാക്കുന്നത്.

പലസ്ഥലത്തും ഗതാഗത മാര്‍ഗ്ഗങ്ങള്‍ പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. കാലടിയിലടക്കം നിരവധി റോഡുകള്‍ അടിയന്തരമായി നന്നാക്കുന്നുണ്ട്. എറണാകുളത്ത് ഏകദേശം നാലര ലക്ഷത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യാംപുകളില്‍ ഉള്ളത്.

പ്രളയത്തിന്റെ ആദ്യഘട്ടം ഏകദേശം പൂര്‍ത്തിയായി എന്ന് പറയാനാകും. ഇനി രണ്ടാം ഘട്ടമാണ് നടപ്പിലാക്കാനുള്ളത്. രണ്ടാം ഘട്ടത്തില്‍ പ്രളയ ബാധിതരെ പുനരധിവസിപ്പിക്കുക എന്നതാണ് ശ്രമകരമായ ജോലി. വീടുകള്‍ പലതും നാമാവശേഷമായി പോയി. തിരിച്ച് കിട്ടിയതെല്ലാം താമസിക്കാന്‍ പറ്റാത്ത അവസ്ഥയിലാണുള്ളത്. അതുപോലെ, രോഗങ്ങള്‍ കേരളം നേരിടാന്‍ പോകുന്ന വലിയ ദുരന്തമായിരിക്കും.

Top