കേരളത്തിന് കൈത്താങ്ങുമായി ഭിന്നശേഷിക്കാരനായ വിദേശ പൗരന്റെയും സംഭാവന

അല്‍ഐന്‍ : പ്രളയ ദുരന്തം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി ഭിന്നശേഷിക്കാരനായ വിദേശ പൗരനും. അല്‍ഐനിലെ അല്‍ഫുവാ മാളിലെ സ്ഥിരം സന്ദര്‍ശകനായ നാസര്‍ എന്നയാളാണ് കേരളത്തിലെ കഷ്ടപ്പെടുന്നവര്‍ക്ക് നല്‍കാന്‍ ഒരു കമ്പിളിപ്പുതപ്പുമായി എത്തിയത്. കേരളത്തിനായി മാളിലെ ജീവനക്കാര്‍ സഹായനിധി ശേഖരിക്കുന്നുണ്ടായിരുന്നു. ഇതിലേക്കാണ് നാസര്‍ സംഭാവന നല്‍കിയത്. നാസര്‍ പുതപ്പ് കൈമാറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാസറിന്റെ സന്മനസ്സിനു നന്ദി പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

കേരളത്തിന് സഹായം നല്‍കാന്‍ യു.എ.ഇ ഭരണാധികാരികള്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിനായി പ്രത്യേക സമിതി രൂപവത്കരിക്കാന്‍ യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടിരുന്നു. കേരള ജനതയുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങള്‍ മുന്നോട്ടു വരണമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആഹ്വാനംചെയ്തിരുന്നു.

Top