കേരളത്തിന്റെ അധികവരുമാനം കോടികള്‍; മനസ്സുവെച്ചാല്‍ ഇന്ധനവില കുറയ്ക്കാമെന്ന് . . .

-petrol-diesel-

തിരുവനന്തപുരം: ഭരണകര്‍ത്താക്കള്‍ മനസ്സുവെച്ചാല്‍ സംസ്ഥാനത്ത് ഇന്ധനവില കുറയ്ക്കാനാകുമെന്ന് എസ്.ബി.ഐ റിസര്‍ച്ച് റിപ്പോര്‍ട്ട്. ക്രൂഡോയില്‍ വിലവര്‍ദ്ധന, ജി.എസ്.ടി എന്നിവയിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് 37,596 കോടി രൂപ അധിക വരുമാനം ലഭിച്ചെന്നും ഈ തുക കൊണ്ട് പെട്രോള്‍-ഡീസല്‍ വിലകുറയ്ക്കാനാവുമെന്നും എസ്.ബി.ഐ റിസര്‍ച്ചിന്റെ പഠന റിപ്പോര്‍ട്ട് പറയുന്നു. ആഗോള തലത്തിലുള്ള മാര്‍ക്കറ്റ് റിസര്‍ച്ച് പ്രവര്‍ത്തനമാണ് എസ്. ബി.ഐയുടെ ഭാഗമായ എസ്.ബി.ഐ റിസര്‍ച്ച് നടത്തുന്നത്.

ജി.എസ്.ടിയിലൂടെ 18,868 കോടി രൂപയും ക്രൂഡോയില്‍ വര്‍ദ്ധനയിലൂടെ 18,728 കോടി രൂപയുമാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത്. ഈ അധികവരുമാനം വേണ്ടെന്ന് വച്ചാല്‍ പെട്രോളിന് 5.75രൂപയും ഡീസലിന് 3.75 രൂപയും കുറക്കാനാവുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാത്രമല്ല, ജി.എസ്.ടി നടപ്പിലാക്കുമ്പോള്‍ നികുതി വളര്‍ച്ച മുന്‍വര്‍ഷത്തേക്കാള്‍ (2015-16) 14 ശതമാനത്തില്‍ കുറഞ്ഞാല്‍ ആ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നഷ്ടപരിഹാരം നല്‍കും. ജി.എസ്. ടി കാരണം കേരളത്തിന് കനത്ത നഷ്ടമാണുണ്ടായത്. കേരളത്തിന്റെ നികുതി വളര്‍ച്ച 7 ശതമാനമാണ്. അതിനാല്‍ ബാക്കിവരുന്ന 7 ശതമാനം നികുതിയുടെ നഷ്ടപരിഹാരം കേരളത്തിന് ലഭിക്കും.

പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി വഴി കഴിഞ്ഞ കേരളത്തിന് കിട്ടിയത് 3680 കോടിയാണ്. അതായത്, 2015-16 ലേക്കാള്‍ 262.8 കോടി രൂപ അധികം. ഒരു രൂപ കുറച്ചതോടെ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.62 ശതമാനവുമാണ് കേരളം നികുതി ഈടാക്കുന്നത്. ഇതു കൂടാതെ ഓരോ ലിറ്ററിനുംഒരു രൂപ വീതം അഡീഷണല്‍ സെയില്‍സ് ടാക്‌സും ഈടാക്കുന്നുണ്ട്. കൂടാതെ ടാക്‌സിന്റെയും അഡിഷണല്‍ ടാക്‌സിന്റെയും ഒരു ശതമാനം സെസും ഈടാക്കും. അതായത് ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 18 രൂപയും ഒരു ലിറ്റര്‍ ഡീസലില്‍ നിന്ന് 13 രൂപയും നികുതിയായി സംസ്ഥാനത്തിന് ലഭിക്കും.

സംസ്ഥാനാനന്തര വ്യാപാരത്തില്‍ കിട്ടുന്ന നികുതിയുടെ 50 ശതമാനം അതാത് സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. 1,89,000 കോടി രൂപയാണ് ഈ വകയില്‍ കേന്ദ്രത്തിലുള്ളത്. ഇതിന്റെ 50 ശതമാനം വിതരണം ചെയ്യണമെങ്കിലും ഇപ്പോള്‍ 40,000 കോടി രൂപ വിതരണം ചെയ്യാനാണ് കേന്ദ്രത്തിന്റെ തീരുമാനം.അങ്ങനെയാണെങ്കില്‍ 1019 കോടി രൂപ കൂടി കേരളത്തിന് ലഭിക്കും.

Top