kerala-assembly-election-bjp-rss

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക കാത്ത് ആര്‍എസ്എസ് അണികള്‍.

സംഘ്പരിവാറിന്റെ സമസ്ഥാനത്തെ ഏറ്റവും ശക്തമായ മുഖമായ കുമ്മനം രാജശേഖരന്‍ ബിജെപി പ്രസിഡന്റായതിനു ശേഷം നടക്കുന്ന ആദ്യതിരഞ്ഞെടുപ്പില്‍ പരമാവധി വോട്ടുകള്‍ സമാഹരിച്ച് മുന്നണികളെ ഞെട്ടിക്കാനാണ് ആര്‍എസ്എസ് പദ്ധതി.

മിനിമം 5 സീറ്റില്‍ നിഷ്പ്രയാസം ജയിച്ച് കയറാമെന്നും പത്തോളം സീറ്റുകളില്‍ രണ്ടാമത്തെ കക്ഷിയാവാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് നേതൃത്വം.

ബിജെപി കൂടുതലായി പിടിക്കുന്ന വോട്ടുകള്‍ ഏതുമുന്നണിയുടേതായിരിക്കുമെന്ന ആശങ്ക ഇരുമുന്നണികള്‍ക്കുമുണ്ടെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം കറുത്ത കുതിരകളാവാന്‍ പോവുന്നത് ബിജെപിയാണെന്നാണ് സംഘ്പരിവാറിന്റെ അവകാശ വാദം.

ഇടത്-വലത് മുന്നണികള്‍ സീറ്റുകളുടെ കാര്യത്തില്‍ ഏറെക്കുറെ തുല്യത പാലിക്കുകയും ബിജെപി ഏതാനും സീറ്റുകള്‍ നേടുകയും ചെയ്താല്‍ കളിമാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

ബിജെപിയുടെ പിന്‍തുണയോടെ ഭരിക്കാന്‍ ഇരുമുന്നണികളും താല്‍പര്യപ്പെടാത്തതിനാല്‍ ചില ഘടകകക്ഷികള്‍ പരസ്പരം കൂട് വിട്ട് മാറി പ്രശ്‌നപരിഹാരമുണ്ടാക്കുമെന്ന വിലയിരുത്തലും ശക്തമാണ്.

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ആര്‍എസ്എസ് പ്രവര്‍ത്തകരോട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ നേതൃത്വം ഏറ്റെടുത്ത് രംഗത്തിറങ്ങാനാണ് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം.

രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ശാഖകളും പ്രവര്‍ത്തകരുമുള്ള കേരളത്തില്‍ ഇത്തവണ ബിജെപിയുടെ പ്രകടനം മോശമായാല്‍ അത് ആര്‍എസ്എസിനും ക്ഷീണമാകുമെന്നതിനാല്‍ കരുതലോടെയാണ് ചുവടുവെപ്പ്.

ജനസ്വീകാര്യരായവരെയായിരിക്കണം മത്സരിപ്പിക്കേണ്ടതെന്ന നിര്‍ദ്ദേശം നേരത്തെ തന്നെ ബിജെപിക്ക് ആര്‍എസ്എസ് നേതാക്കള്‍ നല്‍കിയത് ഇതിന്റെ ഭാഗമായാണ്.

ബൂത്ത് അടിസ്ഥാനത്തില്‍ ഗൃഹസമ്പര്‍ക്കത്തിനാണ് ആര്‍എസ്എസ് പ്രാമുഖ്യം നല്‍കുന്നത്.

വിജയ സാധ്യതയുള്ള മണ്ഡലങ്ങളിലേക്ക് മറ്റ് ഇടങ്ങളിലെ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യും. ഇവര്‍ക്ക് താമസമൊരുക്കുന്നതിനും കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, കാസര്‍കോഡ്, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ഇരവിപുരം, കോവളം മണ്ഡലങ്ങളിലടക്കം സഖ്യകക്ഷിയായ ബിഡിജെഎസ് മത്സരിക്കുന്ന 35 സീറ്റുകളിലും പ്രത്യേക ‘ശ്രദ്ധ’യുണ്ടാകും. ഇവിടെ വോട്ടു ചോര്‍ച്ചയുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കും.

എസ്എന്‍ഡിപി യോഗത്തിന്റെ ശക്തി കേന്ദ്രമായ കൊല്ലത്തും ആലപ്പുഴയിലും മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ആര്‍എസ്എസ് നേതൃത്വത്തിനുണ്ട്.

കൊട്ടാരക്കരയില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതടക്കമുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെയെങ്കിലും പ്രകോപനത്തിന് അടിമപ്പെടരുതെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കണ്ണൂരില്‍ കുട്ടികളുടെ മുന്നിലിട്ട് പ്രവര്‍ത്തകരെ വെട്ടിയ സംഭവത്തില്‍ ഇപ്പോള്‍ തിരിച്ചടി വേണ്ടെന്നാണ് തീരുമാനം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി അധികാരത്തില്‍ വരാന്‍ മോദിക്ക് വഴി ഒരുക്കിയതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് ആര്‍എസ്എസ് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തകരില്‍ നേതൃത്വം ആത്മവിശ്വാസം പകരുന്നത്.

സംഘ്പരിവാറിന്റെ യഥാര്‍ത്ഥ ശക്തി ഈ തിരഞ്ഞെടുപ്പോടെ തെളിയിക്കാന്‍ കഴിയുമെന്നാണ് കണക്ക്കൂട്ടല്‍.

Top