കെനിയയിൽ ആളുമാറി തലയ്ക്കു ശസ്ത്രക്രിയ നടത്തി ; ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തം

Kenya

നയ്റോബി: കെനിയയിൽ ആളുമാറി തലയ്ക്കു ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കെനിയയിലെ കെനിയാറ്റ നാഷണൽ ആശുപത്രിയിലാണ് രോഗികളുടെ കൈയിലെ ടാഗ് മാറിപ്പോയതിനെ തുടർന്ന് ശസ്ത്രക്രിയ മാറിനടന്നത്. കഴിഞ്ഞ മാസം നടന്ന ശസ്ത്രക്രിയയുടെ വിവരം ഇപ്പോഴാണു പുറത്തുവന്നത്.

രോഗികളിൽ ഒരാൾക്ക് തലയ്ക്കകത്തു കട്ടപിടിച്ച രക്തം മാറ്റുന്നതിനും മറ്റൊരാൾക്ക് തലയിലെ മുഴ നീക്കം ചെയ്യുന്നതിനുമാണ് ശസ്ത്രക്രിയ പറഞ്ഞിരുന്നത്. എന്നാൽ മണിക്കൂറുകളോളം ശസ്ത്രക്രിയ നടത്തിയിട്ടും പ്രതീക്ഷിച്ച രീതിയിൽ രക്തം കട്ടപിടിച്ചതു കണ്ടെത്താൻ സാധിക്കാതിരുന്നതോടെയാണ് രോഗി മാറിയവിവരം ഡോക്ടർ അറിയുന്നത്. ശസ്ത്രക്രിയയ്ക്കു മുൻപ് രോഗിയുമായി ഡോക്ടർ സംസാരിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ഈ വിഷയത്തിൽ ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലു മെഡിക്കൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി കെനിയാറ്റ ആശുപത്രി സിഇഒ ലിലി കൊറോസ് അറിയിച്ചു. ന്യൂറോ സർജൻ, വാർ‍ഡ് നഴ്സ്, തിയറ്റര്‍ നഴ്സ്, അനസ്തീഷ്യസ്റ്റ് എന്നിവരെയാണു സസ്പെൻഡ് ചെയ്തിരിക്കുന്നത്.

കൂടാതെ ക്ലിനിക്കൽ സർവീസിന്റെ സിഇഒയേയും ഡയറക്ടറെയും കെനിയൻ ആരോഗ്യ സെക്രട്ടറി സിസില കരിയുകി അന്വേഷണം കഴിയുന്നതുവരെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു.

അതേസമയം രോഗിയെ ചികിൽസിച്ച ഡോക്ടറല്ല, ഓപ്പറേഷൻ ടേബിളിലേക്ക് ഒരുക്കിയെത്തിച്ച നഴ്സാണു ആളുമാറിപ്പോയതിന് ഉത്തരവാദിയെന്ന് സഹഡോക്ടർമാർ ആരോപിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനായ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണു ലഭിക്കുന്ന വിവരം.

Top