Kejriwal claims judges’ phones are tapped

Arvind Kejriwal

ന്യൂഡല്‍ഹി : രാജ്യത്തെ ജഡ്ജിമാരുടെ ഫോണ്‍ കോളുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്.

ഇക്കാരണത്താല്‍ ഫോണിലൂടെ സംസാരിക്കാന്‍ അവര്‍ ഭയപ്പെടുകയാണ്. ഇതു തെറ്റായതും അനുവദിക്കാന്‍ പാടില്ലാത്തതുമാണ്. ജഡ്ജിമാര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നുവെന്നു സംശയം തോന്നിയാല്‍ അവരുടെ ഫോണ്‍ ചോര്‍ത്തുകയല്ല വേണ്ടത്. മറ്റു പല വഴികളിലൂടെയാവണം അതിനുള്ള തെളിവു ശേഖരിക്കേണ്ടതെന്നും കെ
ജ്‌രിവാള്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങില്‍വച്ചായിരുന്നു കെജ്‌രിവാളിന്റെ ആരോപണം.

ആരോപണത്തിന് ചടങ്ങില്‍വച്ചുതന്നെ വാര്‍ത്താവിനിമയ മന്ത്രി രവി ശങ്കര്‍ പ്രസാദ് മറുപടി നല്‍കി. കഴിഞ്ഞ രണ്ടുവര്‍ഷമായി താനാണ് വാര്‍ത്താവിനിമയ മന്ത്രി, ജഡ്ജിമാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം താന്‍ പൂര്‍ണമായും നിഷേധിക്കുന്നുവെന്നും നിയമമന്ത്രി കൂടിയായ രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. നീതിന്യായ വകുപ്പിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം വൈകിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു. മാസങ്ങള്‍ക്കു മുന്‍പേ ജഡ്ജിമാരുടെ പേരുകള്‍ ഉള്‍പ്പെട്ട പട്ടിക സുപ്രീംകോടതി കൊളേജിയം കേന്ദ്രസര്‍ക്കാരിന് നല്‍കി.

എന്നാല്‍ കേന്ദ്രം ഇതുവരെ അതിന് അനുമതി നല്‍കിയിട്ടില്ല. ചില മന്ത്രിമാര്‍ക്ക് അവര്‍ക്ക് താല്‍പര്യമുള്ള ജഡ്ജിമാരെ നിയമിക്കണം. അതിന് സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രം ഇടപെടുന്നത് നീതിന്യായ വകുപ്പിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കും. ഇത് രാജ്യത്തിനു ഗുണകരമാകില്ലെന്നും കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു.

Top