Kejriwal against PM Modi

ന്യൂഡല്‍ഹി: രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ എണ്ണമിട്ട് നിരത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ . രണ്ടു വര്‍ഷം മുന്‍പ് അഴിമതിരഹിത ഭരണം എന്ന ഉറപ്പാണ് മോദി നല്‍കിയത്.

എന്നാല്‍ വ്യാപം, ഡിഡിസിഎ തുടങ്ങിയ നിരവധി അഴിമതിക്കേസുകളില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെപ്പോലെ മോദിയും മൗനം പാലിക്കുകയാണ്. അധികാരത്തിലേറി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ എല്ലാ വിഭാഗം ജനങ്ങളെയും തങ്ങളുടെ ശത്രുക്കളാക്കി മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

രണ്ടുവര്‍ഷം മുന്‍പ് ടീം ഇന്ത്യയെന്നു പറയുന്നത് പ്രധാനമന്ത്രി മാത്രം ഉള്‍പ്പെട്ടതല്ല മറിച്ച് മുഖ്യമന്ത്രിമാരും ഉള്‍പ്പെട്ടതാണെന്നാണ് മോദി പറഞ്ഞത്. എന്നാല്‍ ഇന്നദ്ദേഹം മുഖ്യമന്ത്രിമാരെ ഭരണത്തില്‍നിന്നും താഴെയിറക്കാനുള്ള ഗൂഢാലോചനയാണ് നടത്തുന്നത്.

രണ്ടുവര്‍ഷം മുന്‍പ് ദലിതര്‍ക്കു വിദ്യാഭ്യാസം ലഭ്യമാക്കുമെന്നു ഉറപ്പു നല്‍കി. എന്നാല്‍ രോഹിത് വെമുലയുടെ മരണത്തില്‍ മൗനം പാലിക്കുന്നു. രണ്ടു വര്‍ഷം മുന്‍പ് പുതിയ കോടതികളും ജഡ്ജിമാരുടെ എണ്ണവും വര്‍ധിപ്പിക്കുമെന്നു പറഞ്ഞു. എന്നാല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ കണ്ണുനീര്‍ കണ്ടിട്ടുപോലും ഇതിനൊരു നടപടിയുമുണ്ടായില്ല.

രണ്ടുവര്‍ഷം മുന്‍പ് കര്‍ഷകര്‍ക്ക് 50 ശതമാനം ലാഭം ഉറപ്പുവരുത്തുമെന്നു പറഞ്ഞു. എന്നാല്‍ ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും ഇതു പ്രാവര്‍ത്തികമാക്കാന്‍ മോദി തയാറായില്ല. രാജ്യത്ത് എല്ലാവരും അരക്ഷിതാവസ്ഥ അനുഭവിക്കുകയാണെന്നു പ്രധാനമന്ത്രി മനസിലാക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Top