ചീഫ് സെക്രട്ടറിയെ കൈയേറ്റം ചെയ്ത സംഭവം:കെജ്‌രിവാള്‍ മാപ്പ് പറയണമെന്ന് ആവശ്യം

Arvind Kejriwal

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അംശു പ്രകാശിനെ ആംആദ്മി എംഎല്‍എമാര്‍ കൈയേറ്റം ചെയ്ത വിഷയത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മാപ്പുപറയാതെ അദ്ദേഹവുമായി ചര്‍ച്ചയ്ക്കില്ലെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി മാപ്പു പറയുന്നതുവരെ തീര്‍ത്തും ഔദ്യോഗികമായ കാര്യങ്ങള്‍ മാത്രമേ അദ്ദേഹവുമായി സംസാരിക്കൂവെന്നും തങ്ങളുടെ പ്രതിഷേധം തുടരുമെന്നും ജീവനക്കാരുടെ സംഘടനകള്‍ വ്യക്തമാക്കി. പൂര്‍ണമായി ജോലികള്‍ ബഹിഷ്‌കരിക്കുന്നതിനേക്കുറിച്ച് ആലോചിക്കുമെന്നും സംഘടനകള്‍ അറിയിച്ചു.

ഐഎഎസ് അസോസിയേഷനടക്കമുള്ള വിവിധ സംഘടനകളാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മുഖ്യമന്ത്രി മാപ്പു പറയാതെ മറ്റ് മന്ത്രിസഭാംഗങ്ങളുമായോ ആംആദ്മി പാര്‍ട്ടി എംഎല്‍എമാരുമായോ ഒരുതരത്തിലുള്ള ചര്‍ച്ചയ്ക്കും തയാറല്ലെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ വ്യക്തമാക്കി.

നേരത്തെ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് തന്നെ ആപ്പ് എംഎല്‍എമാര്‍ മര്‍ദ്ദിച്ചുവെന്നായിരുന്നു ഡല്‍ഹി ചീഫ് സെക്രട്ടറി അംശു പ്രകാശ് വ്യക്തമാക്കിയത്. വിഷയത്തില്‍ അദ്ദേഹം ലഫ്. ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

Top