കെ.സിയുടെയും പി.സിയുടെയും തന്ത്രങ്ങള്‍ പിഴച്ചു, ലഭിച്ചത് നാണം കെട്ട തോല്‍വി

ബാംഗ്ലൂര്‍: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് പയറ്റിയ മലയാളി യുദ്ധ തന്ത്രങ്ങള്‍ പാളി. കര്‍ണ്ണാടകയില്‍ ഭരണ തുടര്‍ച്ചക്കായി തന്ത്രങ്ങള്‍ മെനയാനും പ്രചരണം ഏകോപിപ്പിക്കാനും കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് നിയോഗിച്ചത് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളായ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെയും സെക്രട്ടറി പി.സി വിഷ്ണുനാഥിനെയുമായിരുന്നു.

പ്രചരണത്തിന്റെ തുടക്കത്തില്‍ സിദ്ധരാമയ്യ അനായാസ വിജയം നേടുമെന്ന പ്രതീക്ഷ ഇവര്‍ പകര്‍ന്നു. പിന്നീട് അക്രമോത്സുക പ്രചരണം നടത്തിയ കോണ്‍ഗ്രസ്സ് ദേവഗൗഡയെയും ജനതാദള്‍ എസിനെയും പിണക്ക. ലിംഗായത്തുകള്‍ക്ക് മതപദവിയും ന്യൂനപക്ഷ പദവിയും നല്‍കി വൊക്കലിംഗ സമുദായത്തെയും ദലിത്, ന്യൂനപക്ഷങ്ങളെയും അകറ്റി. ഇതോടെ നരേന്ദ്രമോദിയും അമിത്ഷായും കളമറിഞ്ഞു കളിച്ചു.

കോണ്‍ഗ്രസ്സിന്റെ ജാതി കാര്‍ഡിനു ബദലായി ബി.ജെ.പി മതേതരവോട്ടുകള്‍ ഭിന്നിച്ചും മതകാര്‍ഡിറക്കിയും കളം നിറഞ്ഞു. എ.ഐ.സി.സി പ്രസിഡന്റായി തിരഞ്ഞെടുത്ത ശേഷം രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയില്‍ പരമാവധി റാലികളിലും യോഗങ്ങളിലും രാഹുല്‍ എത്തിയിരുന്നു. ഈ ആവേശം വോട്ടര്‍മാരില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ല. ബി.ജെ.പിയും ജനതാദളും മുന്നേറിയപ്പോള്‍ കോണ്‍ഗ്രസ്സ് തകര്‍ന്നടിയുകയായിരുന്നു.

കര്‍ണ്ണാടക രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികളറിയാത്ത കെ.സി വേണുഗോപാലിനെയും വിഷ്ണുനാഥിനെയും തിരഞ്ഞെടുപ്പ് ചുമതലക്കാരാക്കിയ നീക്കം പിഴച്ചുവെന്ന വിലയിരുത്തലാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവെക്കുന്നത്

Top