റിലീസിനു മുമ്പേ ജനങ്ങള്‍ക്കിടയില്‍ ഓട്ടം ആരംഭിച്ച് കായംകുളം കൊച്ചുണ്ണി…

kochunni

റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ബിഗ് ബജറ്റ് ഹിസ്‌റ്റോറിക്കല്‍ ഡ്രാമ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റിലീസിനു മുമ്പേ ജനങ്ങള്‍ക്കിടയില്‍ കൊച്ചുണ്ണിയെ ഓടിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി ട്രെയിന്‍ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് വേണ്ടി ബ്രാന്‍ഡ് ചെയ്ത് അവതരിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചത് നിവിന്‍ പോളി തന്നെയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഫ്‌ളാഗ് ഓഫ് നടന്നത്. ട്രെയിനിലെ എല്ലാ കംപാര്‍ട്ട്‌മെന്റുകളും കൊച്ചുണ്ണിയുടെ പോസ്റ്ററുകള്‍ കൊണ്ട് അലംകൃതമാണ്.

ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ഈ ചരിത്ര സിനിമയില്‍ ഇത്തിക്കര പക്കി എന്ന അതിഥി താരമായാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥയാണ് ചിത്ര പശ്ചാത്തലം. കൊച്ചുണ്ണിയുടെ കഥയില്‍ പലയിടത്തും എങ്ങനെ എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ചിത്രം. കള്ളനാകുന്നതിന് മുമ്പുള്ള കൊച്ചുണ്ണിയുടെ കഥയും അതിജീവന ശ്രമങ്ങളും, പ്രണയവും മറ്റുമാണ് ചിത്രം വരച്ചുകാട്ടുന്നത്. മോസ്റ്റ് ഡെയിഞ്ചറസ് മാന്‍ എന്ന സബ് ടൈറ്റിലോടെയാണ് ചിത്രം പുറത്തിറങ്ങുക.

നിവിന്‍പോളിയുടെ കരിയറിലെ ഏറ്റവും കൂടുല്‍ മുതല്‍മുടക്കുള്ള ചിത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 18 സംഘട്ടന രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. 30 കോടിയിലേറേ ബജറ്റില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിനായി ഏറെ ക്ഷമയും അര്‍പ്പണ മനോഭാവവും നിവിന്‍ പോളി പ്രകടമാക്കി. ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രദാന്റെ ആദ്യ മലയാള ചിത്രമായ കൊച്ചുണ്ണിക്ക് വേണ്ടി ഗോപി സുന്ദറാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് 161 ദിവസങ്ങളെടുത്താണ് പൂര്‍ത്തിയാക്കിയത്. ശ്രീലങ്കയിലും ഗോവയിലും മംഗലാപുരത്തുമെല്ലാമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Top