ഇത്തിക്കര പക്കിയായി സൂപ്പര്‍ താരം മോഹന്‍ലാല്‍ ; പുതിയ ലുക്ക് പുറത്ത്

ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തില്‍ പ്രധാന കഥാപാത്രമായ ഇത്തിക്കര പക്കിയായി എത്തുന്ന സൂപ്പര്‍ താരം മോഹന്‍ലാലിന്റെ പുതിയ ചിത്രം പുറത്തു വിട്ടിരിക്കുകയാണ്. മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

പക്കിയായുള്ള ലാലിന്റെ രൂപാന്തരം സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്തിരിക്കുകയാണ്. ‘പരാജയപ്പെടുത്താനാകാത്ത മനുഷ്യന്‍, കേരളത്തിന്റെ അഭിമാനം’ എന്നാണ് നടന്‍ ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രത്തിന് നല്‍കിയ വിശേഷണം.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥ സിനിമയാവുന്നത് ഇത് രണ്ടാം തവണയാണ്. 1966ല്‍ പുറത്തിറങ്ങിയ പി.എ.തോമസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയില്‍ സത്യനായിരുന്നു കൊച്ചുണ്ണിയായത്. പുതിയ കൊച്ചുണ്ണിയായി അവതരിക്കുന്നത് നിവിന്‍ പോളിയാണ്. തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദാണ് കൊച്ചുണ്ണിയിലെ നായിക.

kayamkulam-kochunni

ബാബു ആന്റണി, സണ്ണി വെയ്ന്‍, മണികണ്ഠന്‍ ആചാരി, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ബാഹുബലിയുടെ പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റ് ചെയ്ത ‘ഫയര്‍ ഫ്‌ലൈ’ ആകും കൊച്ചുണ്ണിയുടെയും നിര്‍മാണ ഏകോപനം. ബാഹുബലിയുടെയും തലാഷിന്റെയും സൗണ്ട് ഡിസൈനറായ സതീഷാണു കൊച്ചുണ്ണിക്കും ശബ്ദം ഒരുക്കുന്നത്.

Top