കശ്മീരിൽ പുറത്താക്കിയ അദ്ധ്യാപകരെ തിരിച്ചെടുത്ത് അധികൃതർ ; താത്പര്യമില്ലെന്ന് ദമ്പതികൾ

ശ്രീനഗർ : ജമ്മുകശ്മീരിൽ കല്യാണ ദിനത്തിൽ തന്നെ അധ്യാപക ദമ്പതികളെ സ്കൂളിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ അദ്ധ്യാപകരെ തിരിച്ചെടുത്ത് അധികൃതർ.

എന്നാൽ സ്കൂൾ അധികൃതരുടെ ആരോപണം ഞങ്ങളുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയെന്നും , അതിനാൽ ജോലിയിൽ തുടരാൻ ആഗ്രഹമില്ലെന്നും അദ്ധ്യാപക ദമ്പതികൾ വ്യക്തമാക്കി.

പ്രാദേശിക അധികൃതർ സംഭവത്തിൽ അന്വേഷണം നടത്തിയതിന് ശേഷം ഇരുവരെയും ജോലിയിൽ തിരിച്ചെടുക്കാൻ ശനിയാഴ്ച ഉത്തരവിട്ടിരുന്നു.

ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായതിന് ശേഷം സ്കൂളിലെ വിദ്യാർത്ഥികൾ ഞങ്ങളെ കുറച്ച് എങ്ങനെ ചിന്തിക്കുമെന്നും, സഹപ്രവർത്തകർ ഞങ്ങളോട് എങ്ങനെ പെരുമാറുമെന്നും താരിഖ് ഭട്ട് ചോദിച്ചു. അതിനാലാണ് ജോലിയിൽ തുടരാൻ ആഗ്രഹമില്ലെന്ന് അറിയിച്ചതെന്നും താരിഖ് കൂട്ടിച്ചേർത്തു.

പുൽവാമ ജില്ലയിലെ സ്വകാര്യ സ്കൂളിലെ അധ്യാപകരായ താരിഖ് ഭട്ട്, സുമായാ ബാഷീർ എന്നിവരെ ഇവരുടെ പ്രണയം വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കും എന്ന കാരണത്താൽ സ്കൂൾ മാനേജ്മെൻറ് പുറത്താക്കിയിരുന്നു.

നവമ്പർ 30 നാണ് ഇരുവരും വിവാഹിതരായത് .അന്നേ ദിവസമാണ് ഇവരുടെ സേവനം സ്കൂൾ മാനേജ്മെൻറ് അവസാനിപ്പിച്ചുവെന്ന് അറിയിച്ചത്.

സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി സയ്യിദ് മൊഹമ്മദ് അൽത്തഫ് ബുഖാരി അധ്യാപകരെ പുനർനിർണയിക്കുമെന്ന് അറിയിച്ചിരുന്നു .

സ്കൂൾ അധികൃതരുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അന്വേഷണ സമിതി കണ്ടെത്തിയതിനെത്തുടർന്ന് ജില്ലാ അധികൃതർ അവരെ പുനസ്ഥാപിക്കാൻ ഉത്തരവ് നൽകുകയായിരുന്നു.

എന്നാൽ, ജോലി തിരികെ നൽകുന്നതല്ല ഇതിനുള്ള ഉത്തരമെന്നും , സ്കൂളിനെതിരെ അപകീർത്തിക്കേസിൽ നടപടിയെടുക്കണമെന്നും താരിഖ് ആവശ്യപ്പെട്ടു.

Top