കാസ്ഗഞ്ച് കലാപം: സംരക്ഷണം ആവശ്യപ്പെട്ട് ചന്ദന്‍ ഗുപ്തയുടെ കുടുംബം

kasganj

കാസ്ഗഞ്ച്: റിപ്പബ്ലിക് ദിനത്തില്‍ തിരംഗ ജാഥയ്ക്കിടെ ഉണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ട ചന്ദന്‍ ഗുപ്തയുടെ കുടുംബം പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ചന്ദന്‍ ഗുപ്തയുടെ പിതാവ് സുശീല്‍ ഗുപ്തയാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്.

വീടിനു പുറത്ത് ഇരിക്കുമ്പോള്‍ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേരാണ് ഭീഷണിപ്പെടുത്തിയതെന്ന് സുശീല്‍ ഗുപ്ത പറഞ്ഞു. ഭീഷണിപ്പെടുത്തിയത് അയല്‍പക്കത്തുള്ള ചിലരാണെന്നും സുശീലിന്റെ പരാതിയിലുണ്ട്.

മകന്റെ മരണവുമായി ബന്ധപ്പെട്ട കേസുമായി മുന്നോട്ടു പോയാല്‍ കുടുംബത്തെ മുഴുവന്‍ അപായപ്പെടുത്തുമെന്ന് ഭീഷണിയുള്ളതായാണ് പരാതി.’ജീവിക്കാന്‍ പേടി തോന്നുന്നുവെന്നും, തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സിന് അപേക്ഷ നല്‍കാന്‍ പോവുകയാണെന്നും’ഗുപ്ത പറഞ്ഞു. നേരത്തെ, കൊലപാതക കേസില്‍ ഒന്നാം പ്രതിയായ സലീമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷെ കൂട്ടുപ്രതികളെന്ന് ആരോപിക്കപ്പെടുന്ന സലീമിന്റെ സഹോദരന്‍മാരാണ് തന്നെ ഭീഷണിപ്പെടുത്തുന്നതെന്നാണ് സുശീല്‍ ഗുപ്ത പറയുന്നത്.

ജനുവരി 26-ന് എ.ബി.വി.പി നടത്തിയ തിരംഗ ജാഥയില്‍ പങ്കെടുക്കുന്നതിനിടയിലാണ് ചന്ദന്‍ ഗുപ്ത കൊല്ലപ്പെട്ടത്. ജാഥ തെരുവോരത്ത് എത്തിയപ്പോള്‍ ചിലര്‍ കല്ലേറും, വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് കൊല്ലപ്പെട്ട ചന്ദന്റെ സംസ്‌ക്കാരത്തിനു ശേഷം വീണ്ടും പ്രദേശത്ത് കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന കലാപത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top