ഗൗരി ലങ്കേഷിന്റെ കൊലപാതകം, പ്രതികളെ കുറിച്ച് തുമ്പ് ലഭിച്ചെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ കുറിച്ച് അന്വേഷണ സംഘത്തിനു തുമ്പു ലഭിച്ചതായി കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി.

കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ലഭിച്ച സൂചനകളെ സാധൂകരിക്കുന്ന തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കഴിഞ്ഞമാസം ഒമ്പതിനും മന്ത്രി സമാന അവകശവാദങ്ങള്‍ നടത്തിയിരുന്നെങ്കിലും പ്രതികളിലേക്കു വെളിച്ചം വീശുന്ന തെളിവുകള്‍ ലഭിച്ചിരുന്നില്ലെന്നാണു സൂചന.

സെപ്റ്റംബര്‍ ആറിനാണ് ബംഗളുരു രാജേശ്വരി നഗറിലെ വീട്ടില്‍ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്ന പി.ലങ്കേഷിന്റെ മകളാണു ഗൗരി.

സംഘപരിവാര്‍ രാഷ്ട്രീയത്തിനു നേര്‍ക്ക് ഗൗരി സ്ഥിരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. യുക്തിവാദിയായിരുന്ന കല്‍ബുര്‍ഗി കൊല ചെയ്യപ്പെട്ടതിനു സമാനമായ രീതിയിലാണ് ഗൗരിയും കൊല്ലപ്പെട്ടത്.

കേസുമായി ബന്ധപ്പെട്ട് ഗൗരിയുടെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷിനെ പ്രത്യേക അന്വേഷണസംഘം(എസ്ഐടി) ചോദ്യം ചെയ്തിരുന്നു. 17 വര്‍ഷമായി ഗൗരിയും സഹോദരനും തമ്മില്‍ സ്വത്തു തര്‍ക്കം നിലനിന്നിരുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇന്ദ്രജിത്തിനെ ചോദ്യം ചെയ്തത്.

Top