അധികാരത്തിൽ ആര് വന്നാലും. . ജയിലിൽ ബർത്ത് അനിവാര്യം, ഇനി പകയുടെ രാഷ്ട്രീയം

yeddurappa

ബംഗളുരു: കര്‍ണ്ണാടകയില്‍ ഇനി ആര് അധികാരത്തില്‍ വന്നാലും പകപോക്കല്‍ ഉറപ്പ്. കര്‍ണ്ണാടക രാഷ്ട്രീയം ഇന്നുവരെ കാണാത്ത പ്രതികാര രാഷ്ട്രീയത്തിനു തന്നെ അത് കാരണമാകും.

മുഖ്യമന്ത്രി യെദിയൂരപ്പയുടെയും മകന്റെയും എന്ന പേരില്‍ ‘കുതിരക്കച്ചവട ‘ വാഗ്ദാന ഫോണ്‍ കോളുകള്‍ പുറത്ത് വിട്ട പ്രതിപക്ഷത്തിന്റെ നടപടി കടുത്ത രോഷമാണ് ബി.ജെ.പി ക്യാംപില്‍ ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ ബെല്ലാരിയിലെ റെഡ്ഢി സഹോദരന്റെ ഫോണ്‍ സംഭാഷണവും പുറത്തു വന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിയന്ത്രണം വിട്ട് കോണ്‍ഗ്രസ്സ് നടത്തിയ പ്രതികരണവും ബി.ജെ.പിയെ ചൊടിപ്പിച്ചിട്ടുണ്ട്. സുപീംകോടതി വരെ പോയി വിശ്വാസ വോട്ടെടുപ്പ് ശനിയാഴ്ച തന്നെ നടത്താന്‍ ഉത്തരവ് സമ്പാദിച്ച നടപടിയും ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ച നടപടിയാണ്.

‘കര്‍ണ്ണാടക ഭരണം കിട്ടിയാലും ഇല്ലങ്കിലും ഒരു പാഠം പഠിപ്പിക്കും കോണ്‍ഗ്രസ്സിനെ’ എന്നാണ് ഉന്നതനായ ബി.ജെ.പി നേതാവ് ഡല്‍ഹിയില്‍ വ്യക്തമാക്കിയത്.

കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള എന്‍ഫോഴ്‌സ് മെന്റ്, ഇന്‍കം ടാക്‌സ് നടപടികള്‍ കോണ്‍ഗ്രസ്സിനെ കര്‍ണ്ണാടകയില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും വരിഞ്ഞുമുറുക്കുമെന്നതിലേക്കാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്.

കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് നേതൃത്വമാകട്ടെ അവിശ്വാസം പരാജയപ്പെട്ട് കുമരസ്വാമി സര്‍ക്കാര്‍ അധികാരമേറ്റാല്‍ ‘കുതിരക്കച്ചവട’ത്തിനെതിരെ നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പു നല്‍കുന്നത്.

ജെ.ഡി.എസിനു മുഖ്യമന്ത്രി സ്ഥാനം നല്‍കേണ്ടി വന്നാലും ആഭ്യന്തരമന്ത്രി പദം കൈവശം വെച്ച് തിരിച്ചടിക്കാനാണ് പദ്ധതി. വിശ്വാസവേട്ടെടുപ്പ് ഇപ്പോള്‍ ആര് നേടിയാലും ആറു മാസത്തിനു ശേഷം കളം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് ഇരു വിഭാഗവും. മന്ത്രി സ്ഥാനം ലഭിക്കാത്തവരെ പിന്നീട് വരുതിയിലാക്കി അടര്‍ത്തിമാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഇതിനു പിന്നില്‍.

Top