ജെഡിഎസ് എംഎല്‍എമാര്‍ ബംഗളൂരുവില്‍; വിശ്വാസവോട്ട് നേടുമെന്ന് യെദിയൂരപ്പ

yeddyurappa

ബംഗളൂരു: കര്‍ണ്ണാടക നിയമസഭയില്‍ വിശ്വാസവോട്ട് നേടുമെന്ന ആത്മവിശ്വാസവുമായി മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ. വിശ്വാസ വോട്ട് നേടുമെന്ന കാര്യത്തില്‍ നൂറ് ശതമാനം ഉറപ്പുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

വിശ്വാസവോട്ടെടുപ്പിനു മുന്നോടിയായി ഹൈദരാബാദില്‍ നിന്ന് ജെഡിഎസ് എംഎല്‍എമാര്‍ ഇന്നു രാവിലെ തന്നെ ബംഗളൂരുവിലെത്തിചേര്‍ന്നിട്ടുണ്ട്. പ്രൊടെം സ്പീക്കര്‍ നിയമനത്തിന് എതിരെ കോണ്‍ഗ്രസ്സും ജെ.ഡി. എസും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്നു രാവിലെ 10.30ന് സുപ്രീംകോടതി പരിഗണിക്കുന്നതാണ്‌.

ജഡ്ജിമാരായ എ.കെ.സിക്രി, എസ്.എ.ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരുടെ പ്രത്യേക ബഞ്ചാകും ഹര്‍ജി പരിഗണിക്കുന്നത്. ഇന്നു വൈകിട്ടു നാലുമണിയ്ക്ക് തന്നെ യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ടു തേടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറായി നിയമിക്കണമെന്ന കീഴ് വഴക്കം ഗവര്‍ണര്‍ വാജുഭായി വാല ലംഘിച്ചെന്നു കാട്ടി കോണ്‍ഗ്രസ്സും ജെഡിഎസും നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നാണ് കോണ്‍ഗ്രസ്സിന്റെയും ജെഡിഎസിന്റെയും ആവശ്യം. ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ചു മാത്രമേ സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കൂ.

Top