നീതിപീഠം നൽകിയ നീതിയിൽ അടിതെറ്റി ബിജെപി, യെദിയൂരപ്പ വീണു,ഇനി കുമാരസ്വാമി തന്നെ

yeddurappa

ബംഗളുരു: ഒടുവില്‍ രാജ്യം ഉറ്റുനോക്കിയ സംഭവ വികാസങ്ങള്‍ക്ക് കിടിലന്‍ ക്ലൈമാക്‌സ്. മുഖ്യമന്ത്രി യെദിയൂരപ്പ സര്‍ക്കാര്‍ വീണു.

വിശ്വാസവോട്ട് നേരിടാതെയായിരുന്നു യെദിയൂരപ്പ രാജിവെച്ചൊഴിഞ്ഞത്. 55 മണിക്കൂറുകള്‍ മാത്രമാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നത്. രാജ്ഭവനിലെത്തി യെദിയൂരപ്പ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. ഇത് മൂന്നാം തവണയാണ് കാലാവധി തികയാതെ യെദിയൂരപ്പ രാജിവെക്കുന്നത്.

ഭൂരിപക്ഷം തികക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് നാടകീയമായ രാജി പ്രഖ്യാപനം ഉണ്ടായത്. ഇതോടെ ഇനി ജെ.ഡി.എസ് കോണ്‍ഗ്രസ്സ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കുമാരസ്വാമിയെ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കേണ്ടി വരും.

വികാരാധീനനായായിരുന്നു യെദിയൂരപ്പ നിയമസഭയില്‍ രാജിപ്രഖ്യാപനം നടത്തിയത്. ബിജെപിയോടുള്ള ജനങ്ങളുടെ സ്‌നേഹവും പിന്തുണയും മനസ്സിലാക്കിയെന്നും വോട്ടര്‍മാര്‍ക്ക് നന്ദിയുണ്ടെന്നും യെദിയൂരപ്പ പ്രസംഗത്തിനിടയില്‍ വ്യക്തമാക്കി. മോദിക്കും അമിത്ഷായ്ക്കും നന്ദി അറിയിക്കുകയും ചെയ്തു.

ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും, അതുകൊണ്ടാണ് ഗവര്‍ണര്‍ ഞങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിച്ചതെന്നും, എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്സും ജെഡിഎസ്സും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നും യെദിയൂരപ്പ പറഞ്ഞു.

അതേ സമയം ദേശീയഗാനത്തിടെ യെദിയൂരപ്പ വിധാന്‍സൗധയില്‍ നിന്നും ഇറങ്ങി പോയിരുന്നു. യെദിയൂരപ്പയ്‌ക്കൊപ്പം ബിജെപി എംഎല്‍എമാരും ഇറങ്ങി പോയി.

നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യത്തിന് രണ്ടു സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെ 117 പേരുടെ പിന്തുണയാണുള്ളത്. ബിജെപിക്ക് 104 എംഎല്‍എമാരുമുണ്ട്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 111 പേരുടെ പിന്തുണയാണ് ആവശ്യമായുള്ളത്. അതിനിടയില്‍ മുമ്പ് വിട്ടു നിന്ന കോണ്‍ഗ്രസ്സ് എംഎല്‍എമാരായ ആനന്ദ് സിങ്ങും പ്രതാപ് ഗൗഡയും ബംഗളൂരുവിലെ ഹോട്ടലില്‍ നിന്നും നിയമസഭയിലെത്തി.

ആനന്ദ് സിങ്ങിനെയും പ്രതാപ ഗൗഡയെയും ഗോള്‍ഡന്‍ ഫിഞ്ച് ഹോട്ടലില്‍ ബിജെപി പിടിച്ചുവെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ണാടക ഡിജിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹോട്ടലിലെത്തിയിരുന്നു. നേരത്തെ, വിരാജ് പേട്ട എംഎല്‍എ കെ.ജി.ബൊപ്പയ്യക്ക് കര്‍ണാടക പ്രോടെം സ്പീക്കറായി തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ബൊപ്പയ്യയുടെ നിയമനത്തിനെതിരെ കോണ്‍ഗ്രസ്സും ജെഡിഎസും നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതിയുടെ ഉത്തരവ്. മുതിര്‍ന്ന അംഗത്തെ സ്പീക്കറാക്കുന്നത് കീഴ്‌വഴക്കമാണ്, നിയമമല്ല. നിയമമാകാത്തിടത്തോളം വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Top