കര്‍ണ്ണാടക എഫക്ട് ചെങ്ങന്നൂരിലേക്കും . . . ആവേശത്തോടെ ബി.ജെ.പി പ്രവര്‍ത്തകര്‍

ചെങ്ങന്നുര്‍: കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിലെ ബി.ജെ.പി വിജയത്തിന്റെ അലയൊലി ചെങ്ങന്നൂരില്‍ ഉണ്ടാകുമോയെന്ന് പേടിച്ച് ഇടതുപക്ഷവും യു.ഡി.എഫും. പ്രതിസന്ധികളെ അതിജീവിച്ച് ബി.ജെ.പി കര്‍ണ്ണടകയില്‍ നേടിയ വലിയ വിജയം ചെങ്ങന്നുരില്‍ ആവര്‍ത്തിച്ചാല്‍ അത് കേരള രാഷ്ട്രീയത്തെ തന്നെ മാറ്റിമറിക്കും.

ബി.ജെ.പിക്ക് ശക്തമായ വോട്ട് ബാങ്കുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. കഴിഞ്ഞ തവണ നാല്‍പ്പതിനായിരത്തിലധികം വോട്ട് വാങ്ങി ഇരു മുന്നണികളെയും ഞെട്ടിച്ച അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള തന്നെയാണ് ഇത്തവണയും ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി.

സി.പി.എമ്മിനെയും കോണ്‍ഗ്രസ്സിനെയും സംബന്ധിച്ച് ബി.ജെ.പി രണ്ടാം സ്ഥാനത്ത് വന്നാലും അപകട സിഗ്‌നലാണ്. ആവനാഴിയിലെ സകല ആയുധങ്ങളും ഉപയോഗിച്ചാണ് ഇവിടെ മൂന്ന് വിഭാഗങ്ങളും പ്രചരണം നടത്തുന്നത്.

c8799f12-a282-4e9e-88b4-eae6d5f17465

കര്‍ണ്ണാടകയില്‍ ബി.ജെ.പി മുന്നേറ്റം ഉണ്ടാക്കിയ വാര്‍ത്ത വന്ന് തുടങ്ങിയപ്പോള്‍ തന്നെ ചെങ്ങന്നൂരിലെ പ്രചരണ യോഗങ്ങളില്‍ അക്കാര്യം ബി.ജെ.പി നേതാക്കള്‍ പരാമര്‍ശിച്ച് തുടങ്ങയിരുന്നു. അനൗണ്‍സ്‌മെന്റ് വാഹനങ്ങളിലും കന്നട മണ്ണിലെ ‘കാവി ഗാഥ’യാണ് ഉച്ചത്തില്‍ മുഴങ്ങുന്നത്.

കര്‍ണ്ണാടക മോഡലില്‍ ഇവിടെയും വീടുകള്‍ കയറിയുള്ള സ്‌ക്വാഡു പ്രവര്‍ത്തനങ്ങള്‍ക്കാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മുന്‍തൂക്കം കൊടുക്കുന്നത്. ആര്‍.എസ്.എസ് സജീവമായി രംഗത്തുള്ളത് ബി.ജെ.പിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ ഒപ്പം ഉണ്ടായിരുന്ന ബി.ഡി.ജെ.എസ് ‘ കാലുവാരിയതില്‍’ കുപിതരായ സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ ബി.ഡി.ജെ.എസ് ഇല്ലാതെ തന്നെ വന്‍ മുന്നേറ്റമുണ്ടാക്കി കാണിച്ചു കൊടുക്കണമെന്ന വാശിയിലാണ്. എസ്.എന്‍.ഡി.പി യോഗത്തിലെ സാധാരണ പ്രവര്‍ത്തകര്‍ ബി.ജെ.പിക്ക് ഒപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലന്ന് നേതൃത്വം വ്യക്തമാക്കി.

ഏത് വിധേയനെയും ചെങ്ങന്നൂര്‍ പിടിക്കുക എന്നതാണ് ആര്‍.എസ്.എസ് ബി.ജെ.പി അജണ്ട. കോണ്‍ഗ്രസ്സ് – ക്രിസ്ത്യന്‍ വോട്ട് ബാങ്കുകളില്‍ മാത്രമല്ല, ഇടത് വോട്ടുകളിലു ഇത്തവണ ചോര്‍ച്ചയുണ്ടാകുമെന്നാണ് ബി.ജെ.പി നേതാക്കളുടെ അവകാശവാദം.

e9f33f36-22ca-4a47-be26-01878d83a845 (1)

ഇടതുപക്ഷത്തിനാകട്ടെ പിണറായി സര്‍ക്കാറിന്റെ വിലയിരുത്തലായി കണക്കാക്കപ്പെടുന്ന ചെങ്ങന്നൂരില്‍ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.

ചേരിപ്പോരില്‍ നഷ്ടപ്പെട്ട മണ്ഡലം ഇത്തവണയെങ്കിലും തിരിച്ചു പിടിക്കാന്‍ പറ്റിയില്ലെങ്കില്‍ വലിയ തിരിച്ചടിയാകുമെന്നതിനാല്‍ കോണ്‍ഗ്രസ്സും അരയും തലയും മുറുക്കി രംഗത്തുണ്ട്.

പൊടി പാറുന്ന മത്സരത്തില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഇനിയും തീരുമാനിക്കാത്ത വലിയ വിഭാഗം വോട്ടര്‍മാരെ കര്‍ണ്ണടക ഫലം സ്വാധീനിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

Top