കര്‍ണാടകയില്‍ കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും മുന്‍തൂക്കം നല്‍കുന്ന ബിജെപി പ്രകടനപത്രിക

karnataka bjp

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദ്യൂരപ്പയും കേന്ദ്രമന്ത്രി അനന്ത് കുമാറും ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും പരിരക്ഷ നല്‍കുന്ന പദ്ധതികള്‍ക്കാണ് പത്രികയില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.

സഹകരണ ബാങ്കിലെ ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും സ്ത്രീകള്‍ക്ക് ഒരു ശതമാനം പലിശയില്‍ വായ്പയും നല്‍കുമെന്നാണ് ബി.ജെ.പിയുടെ മുഖ്യ വാഗ്ദാനം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക കര്‍ഷക സെല്‍ രൂപീകരിക്കും. അതേസമയം, ദേശസാല്‍കൃത ബാങ്കുകളിലെ വായ്പകള്‍ സംബന്ധിച്ച് പ്രകടന പത്രികയില്‍ പരാമര്‍ശിച്ചിട്ടില്ല.

1,000 കര്‍ഷകര്‍ക്ക് ഇസ്രായേല്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനും പുതിയ കൃഷി രീതികളെക്കുറിച്ച് മനസിലാക്കുന്നതിനും അവസരമൊരുക്കുമെന്നും വാഗ്ദാനമുണ്ട്. സ്ത്രീകള്‍ക്ക് ഒരു ശതമാനം പലിശയില്‍ രണ്ടു ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്നും ലോകായുക്തയ്ക്ക് കൂടുതല്‍ അധികാരം നല്‍കുമെന്നും പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്ത്രീ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് നമോ ആപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇതിനായി നിയമം കര്‍ക്കശമാക്കും. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കുമെന്നും മോദി ചൂണ്ടിക്കാട്ടുന്നു.

Top