Kargil martyr’s daughter Gurmehar Kaur gets rape threats for opposing ABVP

ന്യൂഡൽഹി: എ ബി വി പിക്കെതിരെ ആഞ്ഞടിച്ച് സോഷ്യൽ മീഡിയയിൽ ക്യാമ്പെയിന് തുടക്കമിട്ട കാർഗിൽ രക്തസാക്ഷിയുടെ മകളെ ബലാത്സംഗം ചെയ്യമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തൽ.

ഭീഷണിക്ക് ഇരയായ ഡൽഹി സർവ്വകലാശാല വിദ്യാർത്ഥിനി ഗുർമെഹർ കൗർ തന്നെയാണ് ഭീഷണിക്കാര്യം ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയത്. ഭീഷണി അധികവും വരുന്നത് സോഷ്യൽ മീഡിയയിലൂടെയാണെന്നും തന്നെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞ് രാഹുൽ എന്നയാളാണ് വിളിച്ചതെന്നും പെൺകുട്ടി പറഞ്ഞു.

എന്തുകൊണ്ടാണ് അയാൾ അങ്ങനെ ചിന്തിക്കുന്നതെന്ന് തന്നോട് പറഞ്ഞു. വളരെ ഭീതികമായ അവസ്ഥയാണിത്. ചിലർ തന്നെ ദേശവിരുദ്ധയെന്ന് വിളിച്ചതായും കൗർ വ്യക്തമാക്കി.

എസ് എഫ് ഐക്കാരടക്കമുള്ള ജെഎൻയു വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി രാംജാസ് കോളജിൽ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഗുർമെഹർ കൗർ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

‘ താൻ ഡൽഹി സർവ്വകലാശാലയിലെ വിദ്യാർത്ഥിയാണ് പക്ഷേ എബിവിപിയെ ഭയക്കുന്നില്ല’ എന്ന് എഴുതിയ പേപ്പർ കൈകളിൽ പിടിച്ചുള്ള ചിത്രം ഫേസ് ബുക്കിൽ പ്രൊഫൈൽ ചിത്രമാക്കിയായിരുന്നു വ്യത്യസ്തമായ പ്രതിഷേധം

എ ബി വി പി യുടേത് പ്രതിഷേധക്കാർക്കെതിരെയുള്ള ആക്രമണമല്ല, മറിച്ച് ജനാധിപത്യത്തിന് എതിരെയുള്ള കൊലവിളിയാണെന്നും നിങ്ങൾ എറിയുന്ന കല്ലുകൾ ഞങ്ങളുടെ ദേഹത്ത് മുറിവേൽപ്പിച്ചാലും ആശയങ്ങളെ തകർക്കാൻ അതിന് കഴിയില്ലന്നും കൗർ ഫെയ്സ് ബുക്കിൽ കുറിച്ചിരുന്നു.

വലിയ സ്വീകാര്യതയും അതോടൊപ്പം കടുത്ത എതിർപ്പുമാണ് ഈ വിദ്യാർത്ഥിനിയുടെ ചൂടൻ പ്രതികരണത്തിന് സമൂഹമാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

മതനിരപേക്ഷ വിദ്യാർത്ഥി സംഘടനകൾ ആവേശത്തോടെ കൗറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനെ സ്വീകരിച്ചപ്പോൾ സംഘപരിവാർ സംഘടനാ പ്രവർത്തകർ രൂക്ഷമായാണ് പ്രതികരിച്ചത്.

എ ബി വി പിക്കാർ സംഘടിതമായി ഭീഷണി മുഴക്കുകയാണെന്നാണ് ഗുർമെഹർ കൗർ പറയുന്നത്. രാജ്യത്തിന് വേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച പിതാവിന്റെ മകളായ തന്നെ ദേശവിരുദ്ധയെന്ന് വിളിക്കുന്നതിനെതിരെയും അവർ ആഞ്ഞടിച്ചു. കാർഗിൽ രക്തസാക്ഷി മൻഗീപ് സിങ്ങിന്റെ മകളാണ് ഗുർമെഹർ കൗർ.

അതേസമയം തന്നെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി പേര് സഹിതം പരസ്യമായി പെൺകുട്ടി വ്യക്തമാക്കിയിട്ടും ഇതുവരെ ആർക്കെതിരെയും ഡൽഹി പൊലീസ് കേസെടുത്തിട്ടില്ലന്നാണ് അറിയുന്നത്.

എന്നാൽ സംഭവത്തെ കുറിച്ച് ഡൽഹി പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയതായും സൂചനയുണ്ട്.

Top