യെദിയൂരപ്പ മൂന്നു നാള്‍ മുതല്‍വന്‍, നാണം കെട്ട രാജി, സിനിമയല്ല രാഷ്ട്രീയമെന്ന് തെളിയിച്ചു

യെദിയൂരപ്പയുടെ രാജി മൂന്നുനാള്‍ മുതല്‍വന്റെ കുതന്ത്രങ്ങള്‍ക്ക് ഏറ്റ തിരിച്ചടി.

ഒരു നാള്‍ മുതല്‍വനായി നടന്‍ അര്‍ജ്ജുന്‍ ‘ മുതല്‍വന്‍’ സിനിമയില്‍ കാണിച്ച മാജിക്ക് മൂന്നുനാള്‍ മുതല്‍വനായിട്ട് പോലും ‘നടപ്പാക്കാന്‍’ കഴിയാതെ കാലിടറി വീണിരിക്കുകയാണ് യെദിയൂരപ്പ. അധികാരമേറ്റ ഉടനെ കാര്‍ഷിക കടം എഴുതി തള്ളി ‘ മുതല്‍വന്‍’ മോഡല്‍ ജനപ്രീതി നേടാന്‍ ശ്രമിച്ച യെദിയൂരപ്പക്ക് സഭയില്‍ ഭൂരിപക്ഷം തികക്കാന്‍ കഴിയാത്തതിനാലാണ് രാജിവയ്‌ക്കേണ്ടി വന്നത്.

കുതിരക്കച്ചവടത്തിന് മുഖ്യമന്ത്രിയും മകനും എം.എല്‍.എമാരെ പ്രേരിപ്പിക്കുന്ന ഓഡിയോ ക്ലിപ്പ് പ്രതിപക്ഷം പുറത്തു വിട്ടതോടെ ബി.ജെ.പി ദേശീയ തലത്തില്‍ തന്നെ ശരിക്കും പ്രതിരോധത്തിലായി. ഗവര്‍ണ്ണര്‍ യെദിയൂരപ്പക്ക് ഭൂരിപക്ഷം തികക്കാന്‍ അനുവദിച്ച 15 ദിവസം റദ്ദാക്കി ശനിയാഴ്ച തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടലുകള്‍ പിഴച്ചത്.

ഇതിന് വഴി ഒരുക്കിയത് കോണ്‍ഗ്രസ്സ് – ജെ.ഡി.എസ് നേതാക്കളുടെ തന്ത്രപരമായ നീക്കങ്ങളാണ്. കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് ഗുലാം നബി ആസാദ് ഉള്‍പ്പെടെ സീനിയര്‍ നേതാക്കളെ തന്നെ കര്‍ണ്ണാടകയിലേക്ക് അയച്ചു. ജെ.ഡി.എസ് നേതാക്കളുമായി നേരിട്ട് സോണിയാ ഗാന്ധി തന്നെ സംസാരിച്ചു. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന് സമ്മതമറിയിച്ചു.

ഗവര്‍ണര്‍ പരിഗണിക്കില്ലന്ന് ഉറപ്പിച്ച് തന്നെയായിരുന്നു ഫലം വന്ന ഉടനെ കോണ്‍ഗ്രസ്സിന്റെ നീക്കങ്ങള്‍. യെദിയൂരപ്പ മുഖ്യമന്ത്രിയായ ഉടനെ തന്നെ രണ്ട് പാര്‍ട്ടികളിലെ എം.എല്‍.എമാരെയും ഹൈദരാബാദിലേക്ക് മാറ്റാന്‍ കഴിഞ്ഞതും നേട്ടമായി. ബി.ജെ.പിയെ കുരുക്കാന്‍ മൊബൈല്‍ ഫോണില്‍ കോള്‍ റെക്കോര്‍ഡ് ചെയ്തും, പ്രത്യേക മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തും ഹൈടെക് ജാഗ്രതയാണ് കോണ്‍ഗ്രസ്സ് നടത്തിയത്.

ഇതാണ് ഇപ്പോള്‍ ബി.ജെ.പിക്ക് ഏറെ കുരുക്കായിരിക്കുന്നത്. കുമാരസ്വാമിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞാല്‍ എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് യെദിയൂരപ്പയും മകനും റെഡ്ഡി സഹോദരന്‍മാരും നിയമ നടപടി നേരിടേണ്ടി വരും.

Top