കണ്ണൂരില്‍ സി.പി.എം മുന്‍കൈ എടുത്ത് ഒരു ആക്രമണവും നടത്തരുതെന്ന് മുഖ്യമന്ത്രി . .

pinarayi

തിരുവനന്തപുരം: കണ്ണൂരില്‍ സിപിഎം മുന്‍കൈ എടുത്ത് ആക്രമണ സംഭവമുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനോടും അദ്ദേഹം നേരിട്ട് തന്നെ ആവശ്യപ്പെട്ടതായാണ് സൂചന.

കണ്ണൂരില്‍ ആര്‍ എസ് എസ് കാര്യവാഹ് കൊല്ലപ്പെട്ടത് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തിലല്ല, എന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും പൊലീസ് തിരിച്ചറിഞ്ഞ ഏഴു പേരും സിപിഎം പ്രവര്‍ത്തകരോ അനുഭാവികളോ ആണെന്നാണ് സൂചന. ഇത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നതാണ്.

മുഖ്യമന്ത്രി പങ്കെടുത്ത സര്‍വ്വകക്ഷിയോഗത്തിനു ശേഷം സി പി എമ്മിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന കൊലപാതകം നടത്തിയവര്‍ ആരായാലും പിടികൂടാനാണ് സര്‍ക്കാര്‍ നല്‍കിയിരുന്ന നിര്‍ദ്ദേശം. ഗൂഡാലോചനയും വിശദമായി തന്നെ അന്വേഷിക്കും.

കണ്ണൂരില്‍ വര്‍ദ്ധിച്ചു വരുന്ന ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിരുന്നത്.

പ്രകോപനം അരുതെന്നും അങ്ങനെയുണ്ടായാല്‍ അത് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും കീഴ്ഘടകങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

സര്‍വ്വകക്ഷിയോഗത്തിനു ശേഷം ആര്‍എസ്എസ് പലവട്ടം പ്രകോപനം തുടര്‍ന്നതായി സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിക്കെതിരെ കേരളത്തിന് പുറത്ത് പ്രക്ഷോഭം പ്രഖ്യാപിച്ച സംഘപരിവാര്‍ സംഘടനകള്‍ ഇപ്പോള്‍ കോടിയേരിയെ ഡല്‍ഹിയില്‍ കാലു കുത്താന്‍ വിടില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതോടെ ഇനി മുതല്‍ സിപിഎം കേന്ദ്ര കമ്മിറ്റി പി ബി യോഗങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്ന കോടിയേരിക്ക് വലിയ സുരക്ഷ കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഡല്‍ഹി പൊലീസ് ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ് നിലവില്‍.

പിണറായിയേക്കാള്‍ പാര്‍ട്ടി സെക്രട്ടറിയോടാണ് സംഘ പരിവാറിന് ഇപ്പോള്‍ കലിപ്പ് മുഴുവന്‍. മുഖ്യമന്ത്രിയുടെ സമാധാന ശ്രമങ്ങളെ പാര്‍ട്ടി അട്ടിമറിച്ചുവെന്നാണ് കണ്ണൂര്‍ കൊലപാതകം ചൂണ്ടിക്കാട്ടി ബിജെപി ആര്‍ എസ് എസ് നേതൃത്വം പറയുന്നത്.

അതേസമയം രാഷ്ട്രീയ കൊലപാതകങ്ങളെ ആരും ന്യായീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇത് തടയാന്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ബാധ്യതയുണ്ട്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

പയ്യന്നൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണ്. സി.പി.എം പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് പൊലീസിന് ലഭിച്ച മൊഴി. കൊല്ലപ്പെട്ട ബിജുവിനൊപ്പം ഉണ്ടായിരുന്നവരാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്. കൊലപാതകങ്ങള്‍ നിയന്ത്രിക്കാന്‍ ശക്തമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. പയ്യന്നൂര്‍ കൊലപാതകവുമായി ബന്ധമില്ലെന്ന് സി.പി.എം ഏരിയ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍വകക്ഷിയോഗത്തിന് ശേഷവും കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ കൊലപാതകം തുടരുന്ന സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.സി ജോസഫ് അടക്കമുള്ളവരാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. പയ്യന്നൂരിലെ കൊലപാതകം ആസൂത്രിതമെന്ന് കെ.സി ജോസഫ് ആരോപിച്ചു.Related posts

Back to top